വാഴപ്പഴങ്ങളിൽ തന്നെ പല വ്യത്യസ്ത ഇനങ്ങളും ലഭിക്കുന്ന നാടാണ് നമ്മുടേത്. പൂവൻപഴം മുതൽ ഏത്തപ്പഴം വരെ വ്യത്യസ്തങ്ങളായ ഈ വാഴപ്പഴങ്ങൾക്കിടയിൽ വിവിധ ഗുണങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മജീഷ്യൻ ഉണ്ട്. അതാണ് റോബസ്റ്റ പഴം. നിറംകൊണ്ടും ഭംഗികൊണ്ടും മറ്റു പഴങ്ങളുടെയത്ര എത്തില്ലെങ്കിലും പോഷകങ്ങൾ കൊണ്ടും ഗുണങ്ങൾ കൊണ്ടും മറ്റെല്ലാവരെയും കവച്ചു വയ്ക്കുന്ന ഒരു സൂപ്പർ ഫുഡ് തന്നെയാണ് റോബസ്റ്റ പഴം. മറ്റു വാഴപ്പഴങ്ങൾ ഒഴിവാക്കുന്ന പ്രമേഹ രോഗികൾക്ക് പോലും സുരക്ഷിതമായി റോബസ്റ്റ പഴം കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാണ് റോബസ്റ്റ.
സാധാരണ വാഴപ്പഴത്തിന് പകരം റോബസ്റ്റ ഉപയോഗിക്കുന്നത് കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് ഒഴിവാക്കുന്നു. ഈ കാരണത്താൽ തന്നെ റോബസ്റ്റ പ്രമേഹ രോഗികൾക്ക് നിസ്സംശയം തിരഞ്ഞെടുക്കാനുള്ളതാണ്. ദഹനപ്രക്രിയയെ സാവധാനത്തിൽ വർദ്ധിപ്പിക്കാൻ ഈ പഴം സഹായിക്കുന്നു. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല.
കാർബോഹൈഡ്രേറ്റിൻ്റെ സമ്പന്നമായ ഉറവിടമാണ് റോബസ്റ്റ പഴം. കൂടാതെ ധാരാളം ഡയറ്ററി ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്. റോബസ്റ്റയിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്സിൻ്റെ സ്വഭാവസവിശേഷതകളുള്ള പ്രതിരോധശേഷിയുള്ള അന്നജം വൻകുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നതാണ്.
ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പൊട്ടാസ്യവും റോബസ്റ്റ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിൻ്റെ ദൈനംദിന ആവശ്യത്തിൻ്റെ 10% ലഭിക്കാൻ ഒരു ഇടത്തരം റോബസ്റ്റ പഴം കഴിച്ചാൽ മതി. കൂടാതെ റോബസ്റ്റയിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ റോബസ്റ്റ പഴം നിങ്ങളുടെ അസ്ഥികൾക്ക് ബലം നൽകാനും ഉപകാരപ്രദമാണ്.
Discussion about this post