ന്യൂഡൽഹി : മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . കഴിഞ്ഞ ദിവസാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന് കൂടതൽ സാധ്യതകളുണ്ടെന്നും സംയുക്ത പരിശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പർവ്വതത്തേക്കാൾ ഉയർന്നതും ആഴമേറിയ സമുദ്രത്തേക്കാൾ ആഴമുള്ളതാണെന്നും യോഗത്തിൽ സിംഗ് പറഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇന്ത്യ എക്കാലവും റഷ്യൻ സുഹൃത്തുക്കൾക്കൊപ്പം നിന്നിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും പ്രതിരോധ മന്ത്രി പുടിനെ അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാജ്നാഥ് സിംഗ് റഷ്യയിലെത്തിയത്. മോസ്‌കോയിലെത്തിയ രാജ്നാഥ് സിംഗിന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വെങ്കിടേഷ് കുമാറും റഷ്യൻ പ്രതിരോധ ഉപമന്ത്രി അലക്സാണ്ടർ ഫോമിനും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോ സന്ദർശിച്ച് പുടിനുമായി ഉച്ചകോടി ചർച്ച നടത്തി അഞ്ച് മാസത്തിന് ശേഷമാണ് രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശനം. ഉച്ചകോടിയിൽ, ഇന്ത്യ-റഷ്യ പ്രതിരോധ, സൈനിക ബന്ധം കൂടുതൽ വിപുലീകരിക്കുമെന്ന് ഇരുപക്ഷവും ചർച്ച നടത്തി എന്നാണ് വിവരം.
മോസ്‌കോയിലെ ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സന്ദർശിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിരോധ മന്ത്രി ‘എക്സിൽ’ കുറിച്ചു.
Discussion about this post