എറണാകുളം : നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം കോടതിയിൽ തുടങ്ങി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടകുന്നത്. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അതിന് അനുമതി നൽകിയില്ല.
കേസിൻറെ സാക്ഷി വിസ്താരം ഒരു മാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും .
പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മദ്ധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും എന്നാണ് വിവരം.
കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു.
Discussion about this post