കാസർകോട്: പൂച്ചക്കാട്ട് പ്രവാസിയായ അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയ കേസിലെ പ്രധാന പ്രതി ജിന്നുമ്മ എന്ന ഷമീനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിൽ നിന്നും ലഭിക്കുന്ന പണം ജിന്നുമ്മയും ഭർത്താവ് ഉബൈസും ആഡംബര ജീവിതത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നാണ് ആരോപണം. ഇരുവർക്കും ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും, ഇതേ തുടർന്നാണ് കേസ് അന്വേഷണം ആദ്യ ഘട്ടത്തിൽ ഉഴപ്പിയതെന്നും ആരോപണം ഉയരുന്നുണ്ട്.
ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നും ഉന്നതബന്ധം വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കാണാൻ കാന്തപുരം എപി അബൂക്കർ മുസ്ലീയാർ വസതിയിൽ എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂളിക്കുന്നിലാണ് ജിന്നുമ്മയുടെ ആഡംബര വീടുള്ളത്. പ്രദേശവാസിയായ മുഹമ്മദിൽ നിന്നും വീടുവാങ്ങിയ ഇവർ കോടികൾ ചിലവാക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. വീടിന് ചുറ്റുമായി കൂറ്റൻ മതിലുണ്ട്. വീടിന് അകത്തും പുറത്തും നിരീക്ഷണത്തിനായി നിരവധി സിസിടിവികളാണ് ഉള്ളത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെ ഇവരുടെ വീട് സന്ദർശിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
ഗഫൂറിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പ്രദേശവാസികളും കുടുബവും ജിന്നുമ്മയ്‌ക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ജിന്നുമ്മയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പോലീസ് മടി കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആരോപണം ശക്തമായി. ഇതോടെ സമ്മർദ്ദത്തിലായ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജിന്നുമ്മയെ അറസ്റ്റ് ചെയ്യാത്തതിന് കാരണം രാഷ്ട്രീയ ഇടപെടലാണെന്ന് ആക്ഷൻ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
Discussion about this post