ചെന്നൈ: വ്യാജ വാർത്ത നൽകിയ തമിഴ് മാദ്ധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് സായ് പല്ലവി. തമിഴിലെ പ്രമുഖ സിനിമാ മാദ്ധ്യമമായ സിനിമാ വികടനെതിരെയാണ് നടി നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്. നിശബ്ദത വെടിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി പ്രതികരിച്ചു.
സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി നടി മത്സ്യവും മാംസവും പൂർണമായും ഉപേക്ഷിച്ചുവെന്നായിരുന്നു മാദ്ധ്യമം വാർത്ത നൽകിയത്. രാമായണം ആണ് താരത്തിന്റെ പുതിയ ചിത്രം. ഇതിന് വേണ്ടിയാണ് നടി പൂർണമായും നോൺ വെജ് ആഹാരം ഒഴിവാക്കിയത്. വിദേശത്തേയ്ക്ക് പോകുമ്പോൾ ഭക്ഷണം പാകം ചെയ്യാൻ സായ് പല്ലവി പ്രത്യേക ഷെഫിനെ കൊണ്ട് പോകുന്നുവെന്നും മാദ്ധ്യമം വാർത്തയിൽ പറയുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടി മാദ്ധ്യമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വരികയായിരുന്നു. സിനിമാ വികടൻ നൽകിയ വാർത്തയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു സായ് പല്ലവി വിമർശിച്ചത്.
സത്യസന്ധമല്ലാത്ത ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ സാധാരണയായി മൗനം പാലിക്കാറാണ് പതിവ്. എന്നാൽ ഇത് സ്ഥിരമാക്കുന്നു. അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. അല്ലാതെ ഇത്തരം കാര്യങ്ങൾക്ക് അവസാനം ഉണ്ടാകില്ല. ഇപ്പോൾ ധാരാളം സിനിമയുണ്ട്. അതിന്റെ പുതിയ റിലീസുകൾ, പ്രഖ്യാപനങ്ങൾ തുടങ്ങി തന്റെ സിനിമാ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളാണ് ഇപ്പോൾ. ഇതിനിടയിലെ ഇത്തരം പ്രചാരണങ്ങൾ ദു:ഖകരമാണ്. ഇനി ഏതെങ്കിലും വ്യക്തിയോ മാദ്ധ്യമമോ ഇത്തരം കഥകളുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
Discussion about this post