ന്യൂഡൽഹി; സിംഗപ്പൂരിൽ നടന്ന ചൈസ് കലാശപ്പോരിൽ ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ് വിജയകിരീടം ചൂടിയിരിക്കുകയാണ്. രണ്ട് വീതം നിജയവും സമനിലയും മാത്രം വഴങ്ങി പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ പതിനാലാം മത്സരത്തിലാണ് ഗുകേഷിന്റെ ഈ സുവർണനേട്ടം. ഏഴരപോയിന്റുമായാണ് ഗുകേഷ് ലോകത്തിന്റെ നെറുകയിൽ കിരീടം ചൂടി നിൽക്കുന്നത്. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിക്കുമ്പോൾ ഗുകേഷിന് 18 വയസ് മാത്രമാണ് പ്രായം. വിശ്വനാഥൻ ആനന്ദ് 2012 ൽ ലോകചാമ്പ്യനായതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കിരീടം ചൂടുന്നത്.
തെലുഗുവംശജരാണെങ്കിലും തമിഴ്‌നാട്ടിലെ ചെന്നൈയാണ് ഗുകേഷിന്റെ സ്വദേശം. മൈക്രോബയോളജിസ്റ്റായ അമ്മ പദ്മയും ഇഎൻടി സർജനായ അച്ഛൻ രജനീകാന്തും ചെസ് കളിക്കുന്നത് കണ്ട് കൗതുമേറിയാണ് ‘ഗുകി’യുടെ കരുക്കൾ നീക്കിത്തുടങ്ങിയത്. 2013 ൽ ആർ പ്രഗ്നാനന്ദ അണ്ടർ 8 ലോകകിരീടം ചൂടിയ സമയത്ത് ഗുകിയുടെ അച്ഛൻ പറഞ്ഞ വാക്കുകളാണ് ചെസിനെ ഗൗരവമായി എടുക്കാൻ പ്രേരിപ്പിച്ചത്. നിന്നെക്കാൾ ഒരുവയസുമാത്രം കൂടുതലുള്ള അണ്ണൻ ലോകകിരീടം ചൂടിയത് കണ്ടില്ലേ…. എന്ന് മാത്രമായിരുന്നു രജനീകാന്തിന്റെ ചോദ്യം.
വലുതാകുമ്പോൾ പ്രഗ്നാനന്ദയെ പോലെയാകും. ടൂർണമെന്റുകളിൽ പ്രഗ്നനന്ദ എങ്ങനെ ഇരിക്കുന്നു നടക്കുന്നു എന്നൊക്കെയായി കുഞ്ഞി ഗുകിയുടെ അനുകരണങ്ങൾ. ഏഴാം വയസിലാണ് ഗുകി ചൈസിൽ വിജയം രുചിച്ചുതുടങ്ങിയത്.2015 ലെ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും പന്ത്രണ്ടുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 2018-ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്‌സ്, അണ്ടർ-12 ടീം റാപ്പിഡ്, ബ്ലിറ്റ്‌സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകൾ എന്നിവയിലും ഗുകി അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 12 വയസിലായിരുന്നു ഗ്രാൻഡ്മാസ്റ്റർ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളായിരുന്നു ഗുകി. 2022 ൽ ലോക ചാമ്പ്യൻ കാൾസണെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം, ആ വർഷം ചെസ് ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡലും നേടി.
Discussion about this post