പാലക്കാട്; പാലക്കാട് പനയമ്പാടത്ത് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് സ്‌കൂൾ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ിലൂടെയാണ് വികാരധീനമായ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.പെൺമക്കൾ നഷ്ട്ടമാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാൻ. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെൺമക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം അപകടത്തിൽ മരണപ്പെട്ട നാല് പേരെയും ഒരുമിച്ച് ഖബറടക്കി. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കിയത്. ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാർത്ഥിനികളും അതിദാരുണമായി അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂൾ വിട്ടുവരുന്ന വഴി സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.
അപകടം നടന്നതിന് സമീപം പലചരക്കുകട നടത്തുന്ന ഷറഫുദ്ദീന്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന റഫീഖിന്റെ മൂത്തമകളാണ് മരിച്ച റിദഫാത്തിമ.ഇർഫാന ഷെറിൻ അബ്ദുൾ സലാമിന്റെ മൂന്നുമക്കളിൽ മൂത്തയാളായിരുന്നു. അപകടത്തിൽ മരിച്ച നിദ ഫാത്തിമയുടെ പിതാവ് അബ്ദുൾ സലീം പ്രവാസിയായിരുന്നു. ഇപ്പോൾ നാട്ടിലുള്ള അബ്ദുൾ സലീമിന്റെ രണ്ട് മക്കളിൽ ഏകമകളാണ് നിദ ഫാത്തിമ.
Discussion about this post