തിരുവനന്തപുരം: പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളിലൂടെ വൈവിധ്യപൂർണമായ ദൃശ്യാനുഭവമായിരിക്കും ഈ മേള സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മേളയുടെ മറ്റൊരു ആകർഷണമായിരിക്കും. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമേനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന് പ്രാമുഖ്യം നൽകുന്ന മേളയാണിതെന്നും മന്ത്രി വ്യക്തമാക്കി.
സാംസ്കാരിക വകുപ്പ് സിനിമയുടെ സാങ്കേതിക രംഗത്തെ സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്.
മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് നാളെ വൈകീട്ട് ആറു മണിക്ക് നിള തിയേറ്ററിൽ സംഘടിപ്പിക്കും. യശശ്ശരീരരായ കുമാർ സാഹ്നി, മോഹൻ, ഹരികുമാർ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ അടുത്ത ദിവസം നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post