സിയോൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു. കഴിഞ്ഞയാഴ്ച രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തിരിച്ചടി.300 എംപിമാരിൽ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേർ വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് എംപിമാർ വിട്ടുനിന്നപ്പോൾ എട്ടു വോട്ടുകൾ അസാധുവായി.
ഡെമോക്രാറ്റിക് പാർട്ടി അടക്കം ആറ് പാർട്ടികൾ ചേർന്നാണ് യൂൻ സൂക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്. തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.
ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏർപ്പെടുത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.പാർലമെന്റ് ഒന്നടങ്കം എതിർത്ത് വോട്ടുചെയ്തതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യൂൻ സുക് യോൽ തീരുമാനം പിൻവലിച്ചിരുന്നു.
Discussion about this post