പറ്റ്‌ന; തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി അദ്ധ്യാപകനായ യുവാവിനെ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. അവ്നിഷ് കുമാർ എന്ന യുവാവിനെയാണ് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചത്. ബിഹാറിലാണ് സംഭവം.
അടുത്തിടെയാണ് അവ്നിഷ് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായി ജോലിക്ക് കയറിയത്. ഇന്നലെ യുവാവ് ജോലി ചെയ്യുന്ന സ്കൂളിലേക്ക് പോവുന്ന വഴിയില്‍ രണ്ട് സ്കോർപ്പിയോയില്‍ വന്ന ആളുകള്‍ ഇയാൾ സഞ്ചരിച്ചിരുന്ന ഇ-റിക്ഷ തടയുകയായിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരു കൂട്ടമാളുകൾ ചേര്‍ന്ന് അവ്‌നിഷിന് നേരെ തോക്ക് ചൂണ്ടുകയും അവിടെ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു പെൺകുട്ടിയെ നിർബന്ധമായി വിവാഹം കഴിപ്പിച്ചത്.
ബിഹാറിലെ ബേഗുർസരായ് ജില്ലയിലെ രാജൗരയിലെ സുധാകർ റായിയുടെ മകനാണ് അവ്നിഷ് കുമാർ. എന്നാൽ, താനും അവ്നിഷും തമ്മില്‍ നാല് വർഷമായി പ്രണയത്തിലാണ് എന്നാണ് ഇയാൾ വിവാഹം കഴിച്ച പെൺകുട്ടി പറയുന്നത്. എന്നാല്‍ തന്നെ വിവാഹം കഴിക്കാന്‍ അവ്നിഷ് തയ്യാറായില്ല എന്നും ഗുഞ്ചൻ എന്ന യുവതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗുഞ്ചന്റെ ബന്ധുക്കൾ ഇയാളെ തട്ടിക്കൊണ്ടുപോയത് എന്നും പറയുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞതോടെ അവ്നിഷ് അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നാലെ ഗുഞ്ചനും വീട്ടുകാരും അവ്നിഷിന്റെ വീട്ടിലെത്തി. എന്നാൽ, ഗുഞ്ചനെ സ്വീകരിക്കാൻ യുവാവിന്റെ വീട്ടുകാർ തയ്യാറാവാതിരുന്നതോടെ അവർ പോലീസ് സ്റ്റേഷനിൽ അവ്നിഷിനെതിരെ പരാതി നൽകി. അതേസമയം ഗുഞ്ചനുമായി പ്രണയത്തിലായിരുന്നില്ല എന്നും അവൾ തന്റെ പിന്നാലെ നടന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നുമാണ് അവ്നിഷ് പറയുന്നത്. യുവാവും പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.
Discussion about this post