കൊറോണ മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ചതിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. സാമ്പത്തികമായി തകർന്ന രാഷ്ട്രങ്ങളും പ്രിയപ്പെട്ടവരുടെ ജീവനുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഇന്നും ബാക്കി. ഇപ്പോഴിതാ ലോകത്തെ ആശങ്കയിലാക്കി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പടർന്നുപിടിക്കുകയാണ് മാർബസ് വൈറസ്. ബ്ലീഡിംഗ് ഐ വൈറസ് എന്നറിയപ്പെടുന്ന ഇത് ബാധിച്ച് ഇപ്പോൾ തന്നെ 15 ലധികം പേർ മരണപ്പെട്ട് കഴിഞ്ഞു.
രക്തക്കുഴലുകളുടെ ഭിത്തിയിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലൂടെയും അവയവ സ്തംഭനത്തിലൂടെയുമാണ് മാബർഗ് വൈറസ് ഇഞ്ചിഞ്ചായി ജീവൻ കവരുന്നത്. അതിമാരകമായ എബോള വൈറസ് ഉൾപ്പെടുന്ന ഫിലോവിരിഡെ അഥവാ ഫിലോ വൈറസ് കുടുംബത്തിൽപ്പെട്ട വൈറസാണ് ഇത്. രണ്ടും രണ്ട് വൈറസാണെങ്കിലും രണ്ടിനും സമാനമായ ക്ലിനിക്കൽ ലക്ഷണങ്ങളാണ്. 1967 ൽ ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ടിലും മാർബർഗിലു സെർബിയയിലും ബെൽഗ്രേഡിലും സംഭവിച്ച രോഗവ്യാപനത്തിലാണ് ഇത് ആദ്യമായി തിരിച്ചറിയപ്പെടുന്നത്.
വൈറസ് ഉള്ളിലെത്തി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. ഉയർന്ന പനി, കടുത്ത തലവേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. അതിസാരം, വയർവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ മൂന്നാം ദിവസം മുതൽ പ്രത്യക്ഷമാകും. ഒരാഴ്ച വരെ അതിസാരം നീണ്ടു നിൽക്കാം.കണ്ണുകൾ കുഴിഞ്ഞ്, മുഖത്ത് ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങൾ ഈ വൈറസ് രോഗികളിൽ ഉണ്ടാക്കാമെന്ന് പറയപ്പെടുന്നു.
പഴം തീനി വവ്വാലുകളായ റോസെറ്റസിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയത്. ഈ വവ്വാലുകൾ തങ്ങുന്ന ഗുഹകളിലും ഖനികളിലും ദീർഘനേരം ചെലവിടുന്ന മനുഷ്യർക്ക് വൈറസ് വരാനുള്ള സാധ്യത അധികമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രക്തം, ശരീര സ്രവങ്ങൾ, അവയവങ്ങൾ, മുറിവുകൾ എന്നിവ വഴി വൈറസ് പകരാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ എന്നിവയും വൈറസ് വ്യാപനത്തിന് കാരണമാകാം
മലേറിയ, ടൈഫോയ്ഡ്, ഷിഗെലോസിസ്, മെനിഞ്ചൈറ്റിസ്, രക്തസ്രാവമുണ്ടാക്കുന്ന മറ്റ് വൈറൽ പനികൾ എന്നിവയിൽ നിന്ന് മാബർഗ് വൈറസ് രോഗത്തെ തിരിച്ചറിയുക എളുപ്പമല്ല. എലീസ ടെസ്റ്റ്, ആന്റിജൻ ക്യാപ്ച്ചർ ഡിറ്റക്ഷൻ ടെസ്റ്റ്, സെറം ന്യൂട്രലൈസേഷൻ ടെസ്റ്റ്, ആർടി-പിസിആർ പരിശോധന, ഇലക്ട്രോൺ മൈക്രോസ്‌കോപി, കോശ സംസ്‌കരണത്തിലൂടെയുളള വൈറസ് ഐസൊലേഷൻ എന്നിവ വഴിയെല്ലാം രോഗനിർണ്ണയം നടത്താംനിലവിൽ വാക്സീനുകളോ ആന്റി വൈറൽ ചികിത്സകളോ മാബർഗ് വൈറസ് മൂലമുള്ള രോഗത്തിന് ലഭ്യമല്ല.
Discussion about this post