പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി ശബരിമലചവിട്ടി താണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് അദ്ദേഹം അയ്യപ്പസന്നിധിയിലെത്തുന്നത്. 2022 ലാണ് ആദ്യമായി മലകയറിയത്. ഇത്തവണ വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട് വ്രതം ആരംഭിച്ചു.വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
കഴിഞ്ഞ തവണത്തേക്കാൾ എളുപ്പത്തിൽ മലകയറാനായെന്നും ആരെയും അറിയിക്കാതെ എത്തണമെന്നായിരുന്നു ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സന്നിധാനത്തിലെത്തി അയ്യപ്പനെ തൊഴുത ശേഷം ചാണ്ടി ഉമ്മൻ മാളികപ്പുറത്തും ദർശനം നടത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മനഃപൂർവം മാറ്റിനിർത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്നു ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും പറയണ്ടെന്നായിരുന്നു പ്രതികരണം. ‘ എന്റെ മനസിനു വല്ലാത്ത നൊമ്പരമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുൻപേ എല്ലായിടത്തുനിന്നും മാറ്റി നിർത്താൻ തുടങ്ങി. ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’ ചാണ്ടി ഉമ്മൻ പറഞ്ഞു.
Discussion about this post