ന്യൂഡല്‍ഹി: ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഹര്‍ഷിത ബ്രെല്ലയെന്ന 24കാരിയുടെ മരണത്തിലാണ് ഭർത്താവിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചത്.
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ താനിനി ഭര്‍ത്താവിനടുത്തേക്ക് പോകില്ലെന്ന് മകള്‍ പറഞ്ഞതായി ഹര്‍ഷിതയുടെ അമ്മ പറയുന്നു. ഭർത്താവ് പങ്കജ് ലാംബ നിലവില്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് കരുതുന്നത്. എന്നാല്‍ ഡല്‍ഹി പോലീസ് തന്റെ പരാതി ചെവിക്കൊള്ളുന്നില്ലെന്നും യുവതിയുടെ അമ്മ വെളിപ്പെടുത്തി. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസി കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഈ ദിവസങ്ങളിലത്രയും മകള്‍ കരഞ്ഞുകൊണ്ടാണ് സംസാരിച്ചിരുന്നത്. അവളെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നെന്നും മാതാവ് ആരോപിച്ചു. തങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് ഹര്‍ഷിതയുടെ പിതാവ് സാത്ബിര്‍ ബ്രെല്ല പറഞ്ഞു.
യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിഷയത്തില്‍ ഇടപെടാന്‍ യുകെ പോലീസ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. ലണ്ടനില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മനസിലാക്കുന്നതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.
Discussion about this post