കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി നിർമിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനൽകിയതായി വിവരം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവർത്തിക്കാൻ വിട്ടുകൊടുത്തത്. മറ്റൊരുനില സാമൂഹികമാധ്യമ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി പാർട്ടിയും കൈയടക്കിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവം വിവാദം ആയതോടെ ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ അണികൾ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടൽ തേടിയിരിക്കയാണ് ഒരു വിഭാഗം.
ബ്രാഞ്ചുതലംമുതൽ ജനങ്ങളിൽനിന്ന് പണംപിരിച്ച് സി.പി.എം. നിർമിച്ചതാണ് അഭിമന്യുസ്മാരകമന്ദിരം. ധനസമാഹരണവും സ്മാരകത്തിന്റെ നിർമാണവും ജില്ലാകമ്മിറ്റിയുടെ പൂർണനിയന്ത്രണത്തിലായിരുന്നു. 2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനംചെയ്തത്.
2018 ജൂലൈ രണ്ടിന് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില് ഉള്ളത്. സഹല് ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം.
Discussion about this post