കേട്ടാൽ വിശ്വസിക്കാത്ത ഒട്ടനവധി കാര്യങ്ങൾ നമ്മുടെ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ വിവരിച്ച് കൊണ്ടുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അങ്ങനെ ഒരു ഇൻഫ്ലുവൻസർ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നത്.
തന്റെ ഇരട്ടസഹോദരി മരിച്ച വിവരം മുത്തശ്ശനും മുത്തശ്ശിയും അറിയാതിരിക്കാനായി താൻ അവളായി അഭിനയിച്ചു എന്നാണ് ഒരു ഇൻഫ്ലുവൻസർ ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്. 34 -കാരിയായ ആനി നിയു എന്ന ഇൻഫ്ലുവൻസറാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും മാനസികമായി തകർക്കാതിരിക്കാനായി ആണ് താന്‍ ഇങ്ങനെയൊരു കാര്യം ചെയ്തത് എന്ന് യുവതി പറയുന്നു.
അഞ്ച് വർഷം യുവതി തന്റെ ഇരട്ട സഹോദരിയായി അവർക്ക് മുന്നിൽ അഭിനയിച്ചു. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് അഞ്ച് വർഷം മുമ്പ് സഹോദരി മരിച്ചത്. തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം തനിക്ക് പറഞ്ഞു തന്നത്. സഹോദരി മരിച്ച കാര്യം ആരോടും പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു.
ഒടുവിൽ അഞ്ച് വർഷത്തിന് ശേഷം ആ സത്യം അവൾ കുടുംബത്തോട് തുറന്ന് പറഞ്ഞു എന്നാണ് വൈറല്‍ വീഡിയോയിൽ ആനി പറയുന്നത്. അവളും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും മുത്തശ്ശനേയും മുത്തശ്ശിയേയും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവതി ചെയ്തത് നല്ല കാര്യമാണ്, പ്രായമായവരെ വേദനിപ്പിക്കാതിരിക്കാനിയിട്ടല്ലേ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്നാൽ, മറ്റൊരു വിഭാഗം യുവതിയെ വിമർശിക്കുകയും ചെയ്തു. ഇങ്ങനെ കള്ളം പറയുന്നത് എന്ത് തന്നെയായാലും ശരിയല്ല. ഇനി ഈ വീഡിയോ മൊത്തം വ്യാജമാണോ എന്നാണ് അവർ ചോദിച്ചത്.
Discussion about this post