ടോക്യോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മദ്യം നിർമ്മിക്കാൻ ജപ്പാൻ കമ്പനി. ഇതിന്റെ ഭാഗമായി മദ്യ നിർമ്മാണത്തിന് ആവശ്യമുള്ള സാമഗ്രികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കും. പ്രമുഖ മദ്യ നിർമ്മാതാക്കളായ ആഷി ഷുൻസോ ആണ് ബഹിരാകാശത്തെ മദ്യ നിർമ്മാണം എന്ന സാഹസത്തിന് മുതിരുന്നത്.
ജപ്പാനിൽ സേക്ക് എന്ന പേരിൽ അറിയപ്പെടുന്ന മദ്യത്തിന്റെ നിർമ്മാണം ആണ് കമ്പനി നടത്തുന്നത്. എല്ലാ കാര്യങ്ങളും അനുകൂലമായാൽ ഉടൻ തന്നെ മദ്യം വിപണിയിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 100 മില്ലി ലിറ്റർ മദ്യമാണ് ആദ്യം ഉത്പാദിപ്പിക്കുക. ഇത് 100 മില്യൺ യെൻ അഥവാ, 5, 53,92,779 രൂപയ്ക്ക് വിൽക്കും. ഇതോടെ ലോകത്തെ തന്നെ ഏറ്റവും വില കൂടി മദ്യം എന്ന പേരിൽ ജപ്പാൻ നിർമ്മിക്കുന്ന സേക്ക് അറിയപ്പെടും.
ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമായി സഹകരിച്ചുകൊണ്ടാണ് കമ്പനി മദ്യ നിർമ്മാണം നടത്തുന്നത്. ഇതിനായി സ്ഥാപനത്തിന് വലിയ തുകയും പ്രതിഫലമായി നൽകിയിട്ടുണ്ട്.
കമ്പനിയുടെ അധികാരികളിൽ ഒരാളായ സൗയേ ഉതെസുകിയ്ക്കാണ് മദ്യ നിർമ്മാണത്തിന്റെ ചുമതലയുള്ളത്. ഇത് ഒരു വലിയ ചുവടുവയ്പ്പിലേക്കുള്ള പരീക്ഷണം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. 100 ശതമാനം ഈ പരീക്ഷണം വിജയിക്കുമെന്നതിന് യാതൊരു ഗ്യാരണ്ടിയും ഇല്ല. കാരണം പുളിക്കൽ പ്രക്രിയയെ ചിലപ്പോൾ ചില ഘടകങ്ങൾ ബാധിച്ചേക്കാം. ഗുരുത്വാകർഷണം താപത്തിന്റെ പ്രവർത്തനെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഭൂമിയിൽ മദ്യം ഉണ്ടാക്കുന്നത് പോലെ എളുപ്പം ആയിരിക്കില്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അരിയിൽ നിന്നുമാണ് സേക്ക് എന്ന മദ്യം ഉത്പാദിപ്പിക്കാറുള്ളത്. അരിയിൽ വെള്ളമൊഴിച്ച് ഈസ്റ്റ് ചേർത്ത് പുളിപ്പിച്ചാണ് ഇവയുടെ നിർമ്മാണം. സാധാരണയായി രണ്ട് മാസം കൊണ്ടാണ് ഈ മദ്യം നിർമ്മിക്കാറുള്ളത്.
Discussion about this post