വയനാട് : വയനാട്ടിൽ മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാത്ത ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനെതിരെ പ്രതിഷേധം രൂക്ഷം. ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ് ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത്. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നത്.
ചുണ്ടമ്മയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്.
സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രൈബൽ പ്രമോട്ടറെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ആകെ രണ്ട് ആംബുലൻസുകൾ മാത്രമാണ് ഉള്ളത് എന്നാണ് ട്രൈബൽ പ്രമോട്ടറുടെ വാദം. ഈ രണ്ട് ആംബുലൻസുകളും ഈ സമയത്ത് മറ്റ് ആവശ്യങ്ങൾക്കായി പുറത്തു പോയിരിക്കുകയായിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ട്രൈബൽ പ്രമോട്ടർ പുറത്തുനിന്നും ആംബുലൻസ് വിളിച്ചു നൽകേണ്ടതാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post