ന്യൂഡൽഹി: പാർലമെന്റിലെ കന്നി പ്രസംഗത്തിൽ മണ്ടത്തരം വിളമ്പി വയനാട് എംപി പ്രിയങ്കാ വാദ്ര. സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ ഭരണത്തെയാണ് പ്രിയങ്ക പ്രസംഗത്തിനിടെ വിമർശിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ എംപിയെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തി.
ഭരണഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ആയിരുന്നു ഹിമാചൽ സർക്കാരിനെ വിമർശിച്ച് പ്രിയങ്ക രംഗത്ത് എത്തിയത്. ഹിമാചൽ പ്രദേശ് സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രധാന വിമർശനം. കോർപ്പറേറ്റുകൾക്ക് വേണ്ടി ആപ്പിൾ കർഷകർക്ക് ഗുണം ചെയ്യാത്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഇതിലൂടെ പതിനായിരക്കണക്കിന് വരുന്ന ആപ്പിൾ കർഷകരുടെ ജീവിതം സർക്കാർ ദുരിതത്തിൽ ആക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. അദാനിയുടെ പേര് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ വിമർശനങ്ങൾ മുഴുവനും.
ഒരു വ്യക്തിയ്ക്ക് വേണ്ടി സർക്കാർ സർവ്വതും മാറ്റി മറിയ്ക്കുകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി. സർക്കാർ അദാനിയ്ക്ക് എല്ലാ കോൾഡ് സ്‌റ്റോറേജും നൽകി. 142 കോടി ഇന്ത്യക്കാർ അവഗണിക്കപ്പെടുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഹിമാചൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത് എന്ന ധാരണയിൽ ആയിരുന്നു പ്രിയങ്കയുടെ പരാമർശങ്ങൾ മുഴുവനും.
പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ഹിമാചൽ ഭരിക്കുന്നത് കോൺഗ്രസ് അംഗങ്ങളാണെന്ന് ബിജെപി എംപിമാർ പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെയാണ് എംപിയ്ക്ക് അമളി വ്യക്തമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിമർശിച്ചും പരിഹസിച്ചും ബിജെപി അംഗങ്ങൾ രംഗത്ത് എത്തി.
സഹോദരനെ പോലെ തന്നെ ഒരു ബോധവും ഇല്ലാത്ത ആളാണ് പ്രിയങ്ക എന്നാണ് സംഭവത്തോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്. കോൺഗ്രസിന്റെ പൊളിറ്റിക്കൽ സർക്കാർ ഇവിടെ തുടങ്ങിയിട്ടേ ഉള്ളുവെന്നും അദ്ദേഹം പരിഹസിച്ചു. പാർലമെന്റിൽ ഹിമാചൽ സർക്കാരിനെ വിമർശിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Discussion about this post