ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ പാരമ്പര്യം മാത്രമേ ഈ രാജ്യത്ത് നിലനിൽക്കുകയുള്ളൂവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഔറംഗസേബിന്റെയും ബാബറിന്റെയും പാരമ്പര്യം പതിയെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ ഹിന്ദു ഘോഷയാത്രകൾക്ക് അനുമതി നൽകുന്നത് വർഗ്ഗീയ സംഘർഷങ്ങൾക്ക് കാരണം ആകുമെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു യോഗിയുടെ പ്രതികരണം.
മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കൂടി ഹിന്ദു ഘോഷയാത്ര പാടില്ലെന്ന് ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നത്. പിന്നെ എന്തിനാണ് ഹിന്ദുക്കളുടെ ഘോഷയാത്ര തടയേണ്ട ആവശ്യം. മസ്ജിദിന് മുൻപിലൂടെ ഘോഷയാത്ര അനുവദിക്കരുതെന്ന് പറയുന്നത് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഈ റോഡ് ആരുടെയെങ്കിലും വകയാണോ?. ഇത് പൊതുറോഡ് അല്ലെ. പിന്നെ നിങ്ങൾക്ക് എങ്ങിനെ തടയാൻ സാധിക്കും എന്നും അദ്ദേഹം ചോദിച്ചു.
ബെഹറിച്ചിൽ കാലങ്ങളായി നടന്നുവന്നിരുന്ന ഹിന്ദു ആഘോഷം നിർത്തിവപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്ന പേരിലാണ് ഘോഷയാത്ര നിർത്തിവച്ചത്. ജയ് ശ്രീ റാം എന്നതാണോ പ്രകോപനപരമായ മുദ്രാവാക്യം. അത് ഞങ്ങളുടെ വിശ്വാസത്തിന്റെയും ആരാധനയുടെയും വാക്യം ആണ്. നാളെ അള്ളാഹു അക്ബർ എന്ന മുദ്രാവാക്യം തങ്ങൾക്കിഷ്ടമല്ലെന്ന് പറഞ്ഞാൽ അത് നിങ്ങൾക്ക് ഇഷ്ടം ആകുമോ?.
നമ്മുടെ പാരമ്പര്യവും പൈതൃകവും വിപുലമാണ്. ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിക്കുകയാണെങ്കിൽ മുഗൾ ഭരണാധികാരികൾ ക്ഷേത്രങ്ങൾ തകർത്ത് തരിപ്പണമാക്കിയതിനെക്കുറിച്ച് വ്യക്തമാകും. അതുകൊണ്ടാണ് പറയുന്നത്. ഇവിടെ രാമന്റെയും, കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്പര്യം മാത്രമാണ് നിലനിൽക്കുക എന്ന്. അല്ലാതെ ബാബറിന്റെയോ ഔറംഗസേബിന്റെയോ അല്ലെന്നും യോഗി കൂട്ടിച്ചേർത്തു.
Discussion about this post