വയനാട്: കൽപ്പറ്റയിൽ വനവാസിയായ വയോധികയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകാതിരുന്ന സംഭവത്തിൽ ഇടപെട്ട് പട്ടിക ജാതി- പട്ടിക ഗോത്രവർഗ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കും.
എടവക പഞ്ചായത്തിലാണ് സംഭവം ഉണ്ടായത്. ആംബുലൻസ് ഇല്ലാത്തതിനാൽ പ്രദേശവാസിയായ വയോധികയുടെ മൃതദേഹം ആംബുലൻസിൽ സംസ്‌കരിക്കാനായി കൊണ്ടുപോകുകയായിരുന്നു. മാനന്തവാടി ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണ് ഉള്ളത്. ഇത് രണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ വനവാസികൾക്ക് ലഭിക്കാറില്ല. ഇതേ തുടർന്നാണ് വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ആക്കി കൊണ്ട് പോയത്.
പട്ടികജാതി- പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലം ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എടവക. ഇവിടെ ആംബുലൻസ് ലഭിക്കാത്ത അവസ്ഥ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.
Discussion about this post