തിരുവനന്തപുരം: ഗവർണറുമായി സന്ധിയില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ നിന്നും വിട്ട് നിന്നിരുന്നു.
മതമേലദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും ഗവർണറുടെ വിരുന്നിൽ പങ്കെടുത്തു. ഇതിന് പുറമേ വിവിധ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളും പരിപാടിയ്ക്കായി എത്തിയിരുന്നു. സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തി. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മതമേലദ്ധ്യക്ഷന്മാരും ഗവർണറും ചേർന്നാണ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചത്. കുട്ടികളും ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഗവർണറുമായി ഇടഞ്ഞുതന്നെ തുടരുമെന്ന് ആഘോഷപരിപാടികളിൽ നിന്നും വിട്ട് നിന്നതിലൂടെ മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കുന്നത്. അതേസമയം അഞ്ച് ലക്ഷം രൂപയാണ് ഗവർണറുടെ ക്രിസ്തുമസ് ആഘോഷത്തിനായി സർക്കാർ അനുവദിച്ചത്.
Discussion about this post