ആഡിസ് അബാബ: ചിഡോ ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് ആഫ്രിക്കയിലെ മയോട്ട് ദ്വീപ്. ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ദ്വീപിൽ ഉണ്ടായത്. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. 90 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ശക്തിയേറിയ കാറ്റ് ദ്വീപിൽ വീശുന്നത്.
മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. കാറ്റിന്റെ ശക്തിയിൽ വീടുകളും കെട്ടിടങ്ങളും തകർന്നു. ആശുപത്രികളും തകർന്നു. തെങ്ങുകളും മരങ്ങളും കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണതിനെ തുടർന്ന് പലഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 3.2 ലക്ഷം പേരാണ് മയോട്ടിലുള്ളത്. ഇതിൽ മുക്കാൽ ഭാഗം ആളുകളും സാമ്പത്തികമായി താഴ്ന്ന നിലയിലാണ് ഉള്ളത്. ചുഴലിക്കാറ്റ് ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വിവിധ സേനകളാണ് ഇവർക്ക് നിലവിൽ സഹായങ്ങൾ നൽകുന്നത്.
മയോട്ടിന് പുറമേ സമീപ ദ്വീപുകളായ കൊമോറോസ്, മഡഗാസ്‌കർ ദ്വീപുകൾ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ മൊസാംബിക്കിന്റെ വടക്കൻ മേഖലയിലാണ് കാറ്റ് വീശുന്നത്. മലാവി, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്കും ഇത് ചെന്നെത്തും.
2019 ഡിസംബറിലും സമാന രീതിയിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇതിൽ 1300 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.
Discussion about this post