വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും. നേരത്തെ ഫെബ്രുവരിയിലാണ് ഇരുവരുടെയും മടങ്ങി വരവ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നാസ ഇപ്പോൾ അറിയിക്കുന്നത് അനുസരിച്ച് ഇരുവരും തിരിച്ചെത്താനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ജൂണിൽ ഐ എസ് എസിൽ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ വന്ന സാഹചര്യത്തില്‍ മടക്കയാത്ര അനിശ്ചിതത്വത്തിലായി.
ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് ഇപ്പോൾ യാത്രികരുടെ മുന്നിലുള്ളത്.
അതേസമയം, ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിത വില്യംസിന്റെയും ഡോൺ പെടിടിന്റെയും ചിത്രങ്ങൾ നാസ പുറത്ത് വിട്ടിരുന്നു. സാന്‍റാക്ലോസുമാരുടെ വേഷത്തിൽ ഉള്ള സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെടിടും ആണ് ചിത്രങ്ങളില്‍ ഉള്ളത്.
ക്രിസ്‌തുമസിന് മുന്നോടിയായി നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിച്ചിരുന്നു.
ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് നിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ തന്നെയാണ് എക്സിൽ പങ്കുവച്ചത്. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വച്ച് ഹാം റേഡിയോയിൽ സംസാരിക്കുന്ന ചിത്രവും ഉണ്ട്. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്‍റെ വീഡിയോ വൈറലായിരുന്നു.
Discussion about this post