ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രയുടെ പേര് നൽകുന്നതിന്റെ പ്രധാന്യം എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ വീരന്മാരുടെ പേരിടുന്നത് രാഷ്ട്രത്തിനായുള്ള അവരുടെ സേവനം തലമുറകളോളം ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാഷ്ട്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രഗത്ഭ വ്യക്തിത്വങ്ങളുടെയും സ്മരണ നിലനിർത്താനും ആഘോഷിക്കാനുമുള്ള നമ്മുടെ വലിയ ശ്രമത്തിന്റെ ഭാഗമാണിത്. എല്ലാത്തിനുമുപരി, അവരുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളാണ് വികസനത്തിലും രാഷ്ട്രനിർമ്മാണത്തിലും മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജനുവരി 23-ന് പരാക്രം ദിവസത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ പേരില്ലാത്ത 21 ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്‌കാര ജോതാക്കളുടെ പേരാണ് പ്രധാനമന്ത്രി നൽകിയത്. രാജ്യത്തെ യഥാർഥ നായകന്മാർക്ക് അർഹമായ ആദരവ് നൽകുന്നതിന് എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപ് സമൂഹത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകൾക്ക് പേര് നൽകിയത് എന്ന് അന്ന് മോദി പറഞ്ഞിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രപരമായ സവിശേതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നൽകുന്നത് കണക്കിലെടുത്ത് റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പേര് നൽകി. നീൽ ദ്വീപിന്റെയും ഹാവ്ലോക്ക് ദ്വീപിന്റേയും പേരുകൾ ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നും പുനർനാമകരണം ചെയ്തു. ഏറ്റവും വലിയ പേരില്ലാത്ത ദ്വീപിന് ആദ്യത്തെ പരമവീര ചക്ര പുരസ്‌കാരം ലഭിച്ചയാളുടെ പേരാണ് നൽകിയത് .
മേജർ സോമനാഥ് ശർമ , സുബേദാർ ഹോണററി ക്യാപ്റ്റൻ (അന്നത്തെ ലാൻസ് നായിക്) എം.എം. കരം സിംഗ് , സെക്കൻഡ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ, നായക് ജാദുനാഥ് സിംഗ്, കമ്പനി ഹവിൽദാർ മേജർ പിരു സിംഗ്; ക്യാപറ്റൻ ജി.എസ് സലാരിയ, ലെഫ്റ്റനന്റ് കേണൽ (അന്നത്തെ മേജർ) ധൻസിംഗ് ഥാപ്പ; സുബേദാർ ജോഗീന്ദർ സിംഗ്, മേജർ ഷൈതാൻ സിംഗ് , സി.ക്യൂ.എം.എച്ച് അബ്ദുൾ ഹമീദ്, ലെഫ്റ്റനന്റ് കേണൽ അർദേശിർ ബർസോർജി താരാപൂർ, ലാൻസ് നായിക് ആൽബർട്ട് എക്ക, മേജർ ഹോഷിയാർ സിംഗ് , സെക്കന്റ് ലെഫറ്റ്‌നന്റ് അരുൺ ഖേത്രപാൽ , ഫ്‌ളയിംഗ് ഓഫിസർ നിർമൽജിത് സിംഗ് ,
മേജർ രാമസ്വാമി പരമേശ്വരൻ, നായിബ് സുബേദാർ ബനാ സിംഗ്, ക്യാപ്റ്റൻ വിക്രം ബത്ര, ലെഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ (അന്നത്തെ റൈഫിൾമാൻ) സഞ്ജയ് കുമാർ, സുബേദാർ മേജർ റിട്ട. (ഓണററി ക്യാപ്റ്റൻ) ഗ്രനേഡിയർ യോഗേന്ദ്ര സിംഗ് യാദവ് എന്നീ 21 പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് ദ്വീപുകൾക്ക് നൽകിയത്.
Discussion about this post