ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നാഗരത്‌നയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 250 വർഷങ്ങളായി നടക്കുന്ന ആചാരങ്ങളാണ് എന്നും എല്ലാ നിയമ ചട്ടങ്ങളും പാലിച്ചാണ് പൂരം നടത്തുന്നത് എന്നും കോടതി വ്യക്തമാക്കി.
2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആന ഒരു ജീവിയാണ്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് ആനകളെ എങ്ങനെ നിര്‍ത്താന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പകല്‍ ഒന്‍പത് മുതല്‍ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകള്‍ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോള്‍ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീംകോടതി ചോദിച്ചു.
ഹർജിയിൽ എതിർക്ഷികൾക്ക് നോട്ടീസ് അയച്ചു സുപ്രീം കോടതി. സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും അടക്കമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു.
Discussion about this post