തിരുവനന്തപുരം: യോദ്ധയിലെ അരിശ്മൂട്ടിൽ അപ്പുക്കുട്ടന്റെ ക്രഷ്.. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തെന്നിന്ത്യൻ താരം മധുബാല വീണ്ടും മലയാളം സിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തുകയാണ്. നവാഗതയായ വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മധുബാല മലയാള സിനിമയിലെത്തുന്നത്.
ഒറ്റയാൾ പട്ടാളത്തിലൂടെയായിരുന്നു മലയാളത്തിൽ മധുബാല തുടക്കമിട്ടത്. പിന്നീട് മീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. യോദ്ധയിലെ അശ്വതി എന്ന കഥാപാത്രമായിരുന്നു മധുബാലയെ മലയാളത്തിൽ ഇത്രയേറെ പോപ്പുലർ ആക്കി മാറ്റിയത്. കന്നഡ, തമിഴ്, ഹിന്ദി സിനിമകളിൽ മധുബാല സജീവമായിരുന്നു. ഇടയ്ക്ക് സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചിരുന്നു.
മധുബാല തിരിച്ചെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാരണാസിയിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മധുബാല ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വാരണാസിയിലെ അസിഗട്ടിലെ ക്ഷേത്രത്തിൽ വച്ച് നടന്ന പൂജ ചടങ്ങിൽ, മധുബാലയാണ് വിളക്ക് തെളിയിച്ചത്.
എന്റെ നാരായണിക്ക് എന്ന ഷോട്ട് ഫിലിമിന് ശേഷം, വർഷ വാസുദേവ് സസംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വർഷ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
Discussion about this post