എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അറബിക് മന്ത്രവാദമല്ലെന്ന് കണ്ടെത്തൽ. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ഇതോടെ, ഇവർക്കിടയിൽ ആറ് വയസുകാരി ഒരു ബാധ്യതയാകുമെന്ന് അനീഷയ്ക്ക് തോന്നി. തുടർന്ന്, കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷ മൊഴി നൽകി.
നേരത്തെ, അജാസ് ഖാന്റെ ആദ്യ ഭാര്യ അനീഷയെ വിളിക്കുകയും കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതേ ആവശ്യവുമായി അവർ നിരന്തരം ബന്ധപ്പെട്ട് തുടങ്ങിയതോടെ, ഭർത്താവ് തന്നിൽ നിന്നും അകന്നുപോവുമോ എന്ന് എ്രതിക്ക് തോന്നി. ഇതിന് പിന്നാലെ ഗർഭിണിയാവുകയും ചെയ്തതോടെ, ഭയം തോന്നിയ പ്രതി രാത്രി കുട്ടി ഉറങ്ങാൻ കിടക്കുമ്പോൾ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെയാണ് യുപി സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, ഇൻക്വസ്റ്റ് വേളയിൽ കുട്ടിയുടെ മുഖത്ത് പാടുകൾ കണ്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ഇതിന് പിന്നാലെ, കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാമ്മയെയും പോലീസ് കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post