എറണാകുളം: അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങാത്തതിനാൽ നിരവധി അവസരങ്ങളാണ് നഷ്ടമായത് എന്ന് നടി കണ്ണൂർ ശ്രീലത. ആവശ്യക്കാർക്ക് വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ ഇന്ന് താനുമൊരു സൂപ്പർ താരം ആയേനെ. സ്വന്തം ഉയർച്ചയ്ക്കായി വഴങ്ങിക്കൊടുത്ത് വർഷങ്ങൾക്ക് ശേഷം പീഡന പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്നും കണ്ണൂർ ശ്രീലത പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
അവസരം നൽകാമെന്ന് പറഞ്ഞ് പലരും വിളിക്കും. കൂടെ ചെല്ലാമോ എന്ന് ചോദിക്കും. ഇതിനോട് നോ പറഞ്ഞതിന്റെ പേരിൽ നിരവധി അവസരങ്ങളാണ് നഷ്ടമായിട്ടുള്ളത്. നമ്മുടെ അനുവാദം ഇല്ലാതെ ആർക്കും നമ്മുടെ ശരീരത്തിൽ തൊടാൻ കഴിയുകയില്ല. ഇതിന് അവസരം നൽകിയിട്ട് മാറി നിന്ന് അയ്യോ പീഡിപ്പിച്ചേ എന്ന് പറയുന്നത് ശരിയല്ല. സ്വന്തം ഇഷ്ടപ്രകാരം അല്ലെ ഇതെല്ലാം ചെയ്യുന്നത്. കുട്ടികൾ വലുതാകുമ്പോഴാണ് രക്ഷിതാക്കൾക്കെതിരെ ആരോപണം വരുന്നത്. ഇത് കുട്ടിയുടെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ആളുകൾ ഉന്നയിക്കുന്നത് പോലെ സംഭവിച്ചിരിക്കാം, ഇല്ലാതിരിക്കാം. എന്നാൽ ഇതിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. എന്നോട് വിളിച്ച് വരാമോ എന്ന് ചോദിച്ചവർ ഉണ്ട്. വരില്ലെന്ന് തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പല അവസരങ്ങളും നഷ്ടമായി. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ പണ്ടും നടന്നിട്ടുണ്ട്. നടൻ ദേവന്റെ ഭാര്യയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഈ അവസരത്തിനായി വഴങ്ങണം എന്നതായിരുന്നു ആവശ്യം. ഇതിന് സമ്മതിയ്ക്കാത്തത് കൊണ്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. പക്ഷെ അതിൽ വിഷമമില്ല.
വഴങ്ങികൊടുത്തിട്ട് കാറും ബംഗ്ലാവുമൊന്നും വേണ്ട. കഞ്ഞി കുടിച്ച് ജീവിച്ചാൽ മാത്രം മതി. നേരെ വാ നേരെ പോ എന്നതാണ് എന്റെ നിലപാട് എന്നും കണ്ണൂർ ശ്രീലത കൂട്ടിച്ചേർത്തു
Discussion about this post