മൊറോകോ: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ 18 കാരിയ്ക്ക് ദാരുണാന്ത്യം. മൊറോകോ സ്വദേശിനിയായ ലില്ലി കിംഗാണ് മരിച്ചത്. മൊറോകോ സർവ്വകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ലില്ലി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രാത്രി നഗരത്തിലെ റെസ്റ്റോറന്റിൽ മാതാവ് ഐച്ചയുമൊത്ത് ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിന്നാലെ ആയിരുന്നു ലില്ലിയുടെ മരണം. ഇവിടെ നിന്നും ചിക്കനും ചിപ്‌സും വെജിറ്റബിൾ സാലഡും ആയിരുന്നു ലില്ലി കഴിച്ചത്. ഇതിന് പിന്നാലെ ലില്ലിയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ലില്ലി അമ്മയുടെ മടിയിൽ മരിച്ചു വീണു.
ഭക്ഷണത്തോട് ലില്ലിയ്ക്ക് അലർജി ഉണ്ടായിരുന്നു എന്നാണ് മാതാവ് ഐച്ച വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ലില്ലിയുടെ ഭക്ഷണക്രമം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണത്തിന് ഓർഡർ നൽകിയപ്പോൾ പാലുത്പന്നങ്ങൾ, ചെമ്മീൻ, ഡ്രൈ ഫ്രൂട്‌സുകൾ എന്നിവ നൽകരുത് എന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇല്ലെന്ന് അവർ ഉറപ്പും നൽകിയതായി ഐച്ച പറഞ്ഞു.
ചിക്കൻ, ചിപ്‌സ്, പച്ചക്കറി സാലഡ് എന്നിവയാണ് ലില്ലിയ്ക്കായി അവർ കൊണ്ടുവന്നത്. എന്നാൽ ഇതിൽ ചെമ്മീനിന് സമാനമായ ഒരു പച്ചക്കറി കണ്ടു. ഉടനെ തന്നെ ഇത് എടുത്ത് മാറ്റാൻ വെയിറ്ററോട് പറഞ്ഞു. അപ്പോൾ അത് കാരറ്റ് ആണെന്നും, ധൈര്യമായി കഴിക്കാമെന്നുമായിരുന്നു മറുപടി. ഇതേ തുടർന്ന് കഴിച്ചു.
എന്നാൽ ആദ്യ കഷ്ണം വായിലിട്ടതിന് പിന്നാലെ ലില്ലിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തൊണ്ടയിൽ ചൊറിച്ചിലും ഉണ്ടായി. ശുചിമുറിയിൽ പോയി വന്നതിന് ശേഷം ലില്ലി ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞു. ഉടനെ ലില്ലിയുമായി ആശൂപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ബില്ല് അടയ്ക്കാതെ പോകാൻ പറ്റില്ലെന്ന് ജീവനക്കാർ ശഠിച്ചു. ബില്ല് അടച്ച് ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നുവെന്നും ഐച്ച കൂട്ടിച്ചേർത്തു.
Discussion about this post