കോഴിക്കോട്: മലയാളിയായ സൈനികനെ കാണാതായതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെ ആണ് കാണാതെ ആയത്. കുടുംബം നൽകിയ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഈ മാസം 17 മുതൽ ആയിരുന്നു വിഷ്ണുവിനെ കാണാതെ ആയത്. അടുത്തമാസം 11 ന് വിഷ്ണുവിന്റെ വിവാഹം ആണ്. ഇതിനായി അവധിയെടുത്ത് നാട്ടിലേക്ക് വരും വഴി ആയിരുന്നു വിഷ്ണുവിനെ കാണാതെ ആയത്. 17ാം തിയതി പുലർച്ചെ വാട്‌സ് ആപ്പിൽ അമ്മയ്ക്ക് വിഷ്ണു വോയിസ് മെസേജ് അയച്ചിരുന്നു. കണ്ണൂരിൽ എത്തിയെന്ന് ആയിരുന്നു അമ്മയോട് വിഷ്ണു പറഞ്ഞത്. 5.30 ന് കോഴിക്കോട് എത്തുമെന്നും വിഷ്ണു പറഞ്ഞിരുന്നു. ഇത് പ്രകാരം കാത്തിരിക്കുകയായിരുന്നു കുടുംബം.
എന്നാൽ രാവിലെ ഏറെ വൈകിയും വിഷ്ണു എത്തിയില്ല. ഇതേ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ ആയിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനും കളക്ടർക്കും പരാതി നൽകുകയായിരുന്നു.
വിഷ്ണുവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അവസാന ടവർ ലൊക്കേഷൻ കാണിച്ചത് പൂനെയിലാണ്. പൂനെയിലാണ് വിഷ്ണുവിന്റെ സൈനിക ക്യാമ്പ്. വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പുനെ സൈനിക ക്യാമ്പ് അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബോക്‌സിംഗ് താരമാണ് വിഷ്ണു. കേരളത്തിനായി ബോക്‌സിംഗിൽ നിരവധി മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഒൻപത് വർഷങ്ങൾക്ക് മുൻപാണ് വിഷ്ണു സൈന്യത്തിൽ ചേർന്നത്. ഒറീസ, അസം എന്നീ സ്ഥലങ്ങളിൽ വിഷ്ണു ജോലി ചെയ്തിട്ടുണ്ട്.
Discussion about this post