കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്തിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ താരങ്ങളായി മാറി രണ്ടു കുവൈത്തി സ്വദേശികൾ. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തി സ്വദേശികൾ ആണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. മോദിയെ നേരിൽ കണ്ട ശേഷം തങ്ങൾ വിവർത്തനം ചെയ്ത അറബിക് രാമായണത്തിലും മഹാഭാരതത്തിലും മോദിയുടെ കയ്യൊപ്പ് വാങ്ങിയാണ് ഇവർ മടങ്ങിയത്.
രാമായണവും മഹാഭാരതവും അറബിക് ഭാഷയിലേക്ക് വിവർത്തനം ചെയ്ത അബ്ദുല്ല അൽ ബറൂണും അറബി പതിപ്പുകൾ പ്രസിദ്ധീകരിച്ച അബ്ദുൾ ലത്തീഫ് അൽ നെസെഫും ആണ് പ്രധാനമന്ത്രി മോദിയുമായി ഈ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. അടുത്തിടെ നടന്ന പ്രധാനമന്ത്രിയുടെ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത്തിൽ ഇവർ രണ്ടുപേരെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.
രാമായണവും മഹാഭാരതവും പോലെയുള്ള ഇതിഹാസ ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുന്നതിന് എത്ര വർഷമെടുത്തുവെന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഈ വിവർത്തകരോട് ചോദിച്ചത്. രണ്ട് വർഷവും എട്ട് മാസവും എടുത്തെന്ന് അൽ നെസെഫ് മറുപടി നൽകുകയും ചെയ്തു. 43 വർഷങ്ങൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നതിന്റെ വലിയ ആഘോഷങ്ങൾ ആയിരുന്നു ഇന്ന് കുവൈത്തിൽ നടന്നത്.
Discussion about this post