കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരേൽക്കാൻ വൻ ജനസാഗരം ആയിരുന്നു കുവൈത്തിലെ പ്രവാസി സമൂഹങ്ങളിൽ നിന്നും ഒത്തുചേർന്നത്. രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ‘ഹലാ മോദി’ പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കുവൈത്തിൽ കണ്ടത് ‘മിനി ഹിന്ദുസ്ഥാൻ’ ആണെന്നാണ് പ്രധാനമന്ത്രി ഈ പരിപാടിയിൽ വ്യക്തമാക്കിയത്.
2024 ഡിസംബർ 21, ലോകമാകെ ആദ്യമായി ‘ലോക ധ്യാന ദിനം’ ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ആയിരം വർഷത്തെ ധ്യാന പാരമ്പര്യത്തിന് ഈ പരിപാടി സമർപ്പിക്കുന്നു എന്നാണ് ചടങ്ങിന് അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത്. “ഇന്ത്യയും കുവൈത്തും അറബിക്കടലിൻ്റെ രണ്ട് തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ നയതന്ത്ര ബന്ധങ്ങൾ കൊണ്ടും അതിലുപരിയായി ഹൃദയബന്ധങ്ങൾ കൊണ്ടും നമ്മൾ ഒന്നിക്കുന്നു. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക്, തെക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഇവിടെയുണ്ട്. എന്നാൽ അവർ “ഭാരത് മാതാ കീ ജയ്” കൊണ്ട് ഒന്നിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം ഇന്ത്യക്കാരാണ്. രാജ്യത്തെ തൊഴിലാളികളിലെ 30 ശതമാനവും ഇന്ത്യക്കാരാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 10.47 ബില്യൺ യുഎസ് ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു ഇന്ത്യയും കുവൈത്തും തമ്മിൽ നടത്തിയിരുന്നത്. കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളറിലേറെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
Discussion about this post