പത്തനംതിട്ട : ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഷോഷയാത്ര പുറപ്പെട്ടു. 451 പവൻ തൂക്കമുള്ള തങ്ക അങ്കിയാണ് അയപ്പന് ചാർത്തുന്നത്. രാവിലെ ഏഴരയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ആറന്മുള പാർഥസാരഥി ക്ഷേത്ത്രിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര 25 ന് ഉച്ചയ്ക്ക് 1 :30 ന് പമ്പയിൽ എത്തും. വൈകീട്ട് ഏഴു മണിക്ക് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും . 26 നാണ് മണ്ഡലപൂജ . അയ്യപ്പന് മണ്ഡലപൂജയ്ക്ക് അണിയാനായി തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ ആണ് 451 പവൻ തൂക്കമുള്ള തങ്ക അങ്കി ശബരിമലയിൽ സമർപ്പിച്ചത്. സ്വർണ പീഠം, പാദുകം, മാഡഗി, കൈയുറ, മുഖം, കിരീടം എന്നിവ ഉൾപ്പെടുന്നതാണ് തങ്ക അങ്കി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ശബരിമല സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന തങ്ക അങ്കി മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനായി മാത്രമാണ് പുറത്തെടുക്കുന്നത്.
ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, പെരുനാട് ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര വിശ്രമിക്കും. പോലീസ് സംഘം സുരക്ഷ ഒരുക്കി ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. 25 ന് ഉച്ചകഴിഞ്ഞ് 3.30 വരെ പമ്പയിൽ തങ്ക അങ്കി ദർശിക്കാൻ അവസരമുണ്ട്. വൈകീട്ട് അഞ്ചു മണിവരെ പമ്പയിൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല .
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഇതിന് ശേഷമാകും തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുക. 26ന് ഉച്ചയ്ക്ക് 12നും 12:30നും ഇടയിലാണ് മണ്ഡലപൂജ. രാത്രി 11ന് ഹരവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് ശബരിമല നട തുറക്കും.
തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50,000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60,000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുക. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 5000 വീതമായും പരിമിതപ്പെടുത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചു
Discussion about this post