ഒരു ചെറിയ ചുമയോ പനിയോ വന്നാൽ നാം ആദ്യം ചെയ്യുന്നത് ഒരുപക്ഷേ പനിക്കൂർക്കയിട്ട് അൽപ്പം ചൂടുവെള്ളം കുടിക്കലാവും. ചുക്കുകാപ്പിയുണ്ടാക്കുമ്പോഴും പനിയ്ക്കും ജലദോഷത്തിനും കഷായമുണ്ടാക്കുമ്പോഴും എന്തിന് ദഹനക്കേടു വരുമ്പോൾ ചമ്മന്തിയരച്ച് കഴിക്കാൻ വരെ നാം പനിക്കൂർക്ക ഉപയോഗിക്കാറുണ്ട്. നമ്മളിതിനെ പനിക്കൂർക്ക, കഞ്ഞിക്കൂർക്ക എന്നൊക്കെ അനാകർഷകമായ പേരുകളിട്ട് വിളിക്കുമ്പോൾ തമിഴർക്ക് ഇവൾ കർപ്പൂരവല്ലിയാണ്. പേരു കേട്ടാൽ തന്നെ ആരുമൊന്ന് സ്നേഹിച്ചുപോവുന്ന കർപ്പൂരവല്ലിയുടെ ഗുണഗണങ്ങൾ അനവധിയാണ്.
പല്ലിയേയും പാറ്റയേയും അകറ്റാൻ ഇതിൻ്റെ ഇലകൾ സഹായകരമാണ്. വേരുപിടിപ്പിച്ച പനിക്കൂർക്ക ഒരു കൊച്ചു ചട്ടിയിൽ ശുചിമുറിയിൽ വച്ചിരുന്നാൽ പല്ലികൾ ആ പ്രദേശത്തേക്ക് വരില്ലെന്നാണ് അനുഭവസാക്ഷ്യം. കൊതുകിനെ അകറ്റിനിർത്താൻ പനിക്കൂർക്കയിൽ നിന്നുള്ള സുഗന്ധ എണ്ണ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
ജലദോഷത്തിനും തൊണ്ടവേദനയ്ക്കും മാത്രമല്ല, ചെറിയ മുറിവുകൾ ഉണക്കാനും ഇതിൻ്റെ നീര് നാം ഉപയോഗിക്കുന്നുണ്ട്..ശ്വസനവ്യവസ്ഥയെ ആക്രമിക്കുന്ന രോഗാണുക്കൾക്കെതിരേ നല്ലൊരു പ്രതിരോധമാർഗ്ഗമാണ് പനിക്കൂർക്കയില എന്ന് ആയൂർവേദവും സിദ്ധവൈദ്യവും എല്ലാം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ആധുനിക ഗവേഷണങ്ങളും അത് ശരിവയ്ക്കുന്നുണ്ട്. നൂറോളം ഉപയോഗയോഗ്യമായ സംയുക്തങ്ങൾ പനിക്കൂർക്കയിൽ നിന്ന് ഗവേഷകർ വേർതിരിച്ചിട്ടുണ്ട്. വിവിധയിനം വൈറസുകൾക്കെതിരേയും ബാക്ടീരിയകൾക്കെതിരേയും പ്രവർത്തിക്കാൻ കഴിവുള്ള അനേകം സംയുക്തങ്ങൾ ഈ കൊച്ചു ചെടിയിൽ ഒളിച്ചിരുപ്പുണ്ടെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ആൻ്റിഓക്സിഡൻ്റുകളും നിറഞ്ഞതാണ് പനിക്കൂർക്കയെന്ന് അവർ പറയുന്നു. നിരവധി പോളിഫിനോളുകളും ധാതുക്കളും പനിക്കൂർക്കയിലുണ്ടത്രേ.
ഇങ്ങനെയൊക്കെ നമുക്കറിയാവുന്ന പനിക്കൂർക്ക ഇന്ന് പാശ്ചാത്യരുടെയിടയിൽ തരംഗമാവുന്നത് വേറൊരു ആവശ്യത്തിനാണ്. കേട്ടാൽ നമുക്ക് നെറ്റി ചുളിഞ്ഞേക്കാം. മലവിസർജ്ജനത്തിനു ശേഷം വൃത്തിയാക്കാനുള്ള ശുചിക്കടലാസ് ആയാണ് പാശ്ചാത്യർ പനിക്കൂർക്കയുടെ കുടുംബത്തിലുള്ള Plectranthus barbatus എന്ന ചെടിയുടെ ഇല ഇന്ന് ഉപയോഗിക്കുന്നത്. കണ്ടാൽ പനിക്കൂർക്ക പോലെ തന്നെയാണെങ്കിലും ഇതിൻ്റെ ഇലകൾ അൽപ്പം വലിപ്പമുള്ളതും നേർത്തതുമാണ് എന്നത് മാത്രമാണ് വ്യത്യാസം. സാധാരണ പനിക്കൂർക്കയേക്കാൾ അൽപ്പം കൂടി വലിപ്പത്തിൽ ഒരു ചെമ്പരത്തിയോളം ഒക്കെ ഇത് വളരുകയും ചെയ്യും. അതൊഴിച്ചാൽ സാക്ഷാൽ പനിക്കൂർക്കയുടെ മച്ചുനൻ തന്നെയാണ് ഇവനും.
ഇത് പാശ്ചാത്യരുടെ കണ്ടെത്തലൊന്നുമല്ല, തലമുറകളായി കെനിയയിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും.കക്കൂസാവശ്യത്തിനുള്ള കടലാസായി ജനങ്ങൾ ഈ ചെടിയുടെ ഇലയാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ആഫ്രിക്കയിൽ ടോയ്ലറ്റ് പേപ്പറിന് വൻ തോതിൽ വിലകൂടിയപ്പോൾ ജനങ്ങൾ പഴയ രീതികളിലേക്ക് തിരികെപ്പോയി. വീടുകളിൽ അവർ ഈ ചെടി വച്ചുപിടിപ്പിച്ച് ഇലകൾ ശുചിക്കടലാസ് ആയി വീണ്ടും ഉപയോഗിച്ചു തുടങ്ങി. കെനിയൻ നാഷണൽ മ്യൂസിയത്തിലെ മാർട്ടിൻ ഒടിഹാംബോ ആണ് ഈ ആവശ്യത്തിനായി ഈ ഇലകൾ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയെക്കു റിച്ച് ആദ്യം പുറം ലോകത്തെ അറിയിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദപരമായ പുതിയ കക്കൂസുകടലാസിനെക്കുറിച്ച് മാർട്ടിൻ എഴുതിയ ലേഖനങ്ങൾ പെട്ടെന്ന് പരിസ്ഥിതി പ്രവർത്തകരുടെ ഇടയിൽ പ്രചാരം നേടി.
കക്കൂസുകടലാസിനു വേണ്ടി ഓരോ ദിവസവും ഇരുപത് ലക്ഷം മരങ്ങൾ മുറിക്കേണ്ടിവരുന്നു എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് ഓരോ വർഷവും 700 ദശലക്ഷം മരങ്ങൾ ഈ ടോയ്ലറ്റ് പേപ്പറിനായി മാത്രം മുറിച്ച് കളയുന്നു. ഈ മരങ്ങൾ മൃദുലമായ ടിഷ്യൂ കടലാസാക്കാൻ ഉപയോഗിക്കേണ്ടിവരുന്ന ഇന്ധനവും ബ്ളീച്ചിങ്ങിനും മറ്റും ഉപയോഗിക്കുന്ന വിഷ രാസവസ്തുകളും കൊണ്ടുള്ള മലിനീകരണവും വേറെ. ആ അവസരത്തിലാണ് മൃദുലമായ ഈ ഇലകൾ ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യം ഏറുന്നത് എന്നാണ് മാർട്ടിൻ പറയുന്നത്. ഈ ഇലകൾ ഒരു കക്കൂസു കടലാസിൻ്റെ അത്രയും വലിപ്പവും വണ്ണവും മാത്രമേ ഉള്ളൂ എന്നത് കൊണ്ട് ഫ്ളഷ് കക്കൂസിലും ഉപയോഗിക്കാനാവും. നേരിയതോതിൽ അണുനാശിനിയായതുകൊണ്ട് അങ്ങനേയും ഈ ഇല ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ട്.
ഇതോടെ അമേരിക്കയിലെ പരിസ്ഥിതി പ്രവർത്തകനായ റോബിൻ ഗ്രീൻഫീൽഡ് ഈ ചെടികൾ അമേരിക്കയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. നിങ്ങളുടെ ടോയ്ലറ്റ് പേപ്പർ നിങ്ങൾ തന്നെ വളർത്തുക എന്നൊരു പ്രചാരണപ്രവർത്തനം തുടങ്ങിയ ശേഷം അവിടെ ഇപ്പൊ ചൂടപ്പം പോലെയാണ് ഈ ചെടികൾ വിറ്റഴിയുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും ഈ പ്രചാരണം ഫലം ചെയ്തുവെന്നുമാണ് റോബിൻ ഗ്രീൻഫീൽഡ് പറയുന്നത്. പാശ്ചാത്യർ ഇത് ആദ്യം ഉപയോഗിക്കാൻ മടിച്ചെങ്കിലും ഉപയോഗിച്ച ശേഷം വളരെ നല്ല അഭിപ്രായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ ഇല ഉപയോഗിച്ചാൽ കക്കൂസുകടലാസിനേക്കാൾ മെച്ചമായി വൃത്തിയാകുന്നു എന്നാണ് അനുഭവസാക്ഷ്യം.
എന്നാൽ ഈ ഇലകൾ കക്കൂസിൽ വലിച്ചെറിയുന്നത് അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള മലിനജല നിർമ്മാർജ്ജന രീതികളെയും യന്ത്രങ്ങളേയും തകരാറിലാക്കുമെന്ന് ചില വിദഗ്ധരെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ടോയ്ലറ്റ് പേപ്പർ ഉണ്ടാക്കിയിരിക്കുന്നത് വെള്ളത്തിൽ അലിയത്തക്ക രീതിയിലാണ്. അതിനു പകരം ഇലകൾ കക്കൂസുവെള്ളത്തിനൊപ്പം ഇട്ടാൽ ഓടകൾ അടഞ്ഞ് മലിനജലം പൊട്ടിയൊഴുകി ആകെ പ്രശ്നങ്ങളുണ്ടാവുകയായിരിക്കും ചെയ്യുക. പരിസ്ഥിതി പ്രവർത്തകർക്ക് എന്തു സ്വപ്നവും പറയാമെന്നും പ്രായോഗികതകൾ അവർക്ക് നോക്കേണ്ടതില്ലല്ലോ എന്നും അവർ പറയുന്നു.
എന്തായാലും സാധാരണഗതിയിൽ പരമ്പരാഗത ജനവിഭാഗങ്ങളുടെ രീതികളെ അപരിഷ്കൃതമെന്നും വൃത്തിശൂന്യമെന്നുമൊക്കെ കളിയാക്കുന്ന പാശ്ചാത്യർ ഇത്തവണ മര്യാദയുടെയും മനസ്സിലാക്കലിൻ്റേയും ഭാഷ സംസാരിക്കുന്നത് തന്നെ നല്ല കാര്യമെന്നാണ് കെനിയയിലെ ഗവേഷകരുടെ അഭിപ്രായം. കക്കൂസുകടലാസായി ഉപയോഗിച്ചാലും ഇല്ലെങ്കിലും നമ്മുടെ പനിക്കൂർക്കയുടെ കുടുംബത്തിലുള്ള സസ്യങ്ങളുടെ ഔഷധ ഉപയോഗക്രമങ്ങളെപ്പറ്റി പാശ്ചാത്യഗവേഷകർ ശ്രദ്ധിക്കാൻ ഈ വിഷയം കാരണമായെന്നതാണ് ആശാസ്യമായ കാര്യം.
#SustainableLiving, #EcoFriendly, #GreenLiving, #SustainableToiletPaper, #EcoFriendlyToiletPaper, #PlectranthusBarbatus, #EnvironmentallyFriendly, #EcoInnovation, #Sustainability, #DeforestationSolutions, #ZeroWaste, #Conservation, #SustainablePractices, #EcoProducts #PlectranthusAmboinicus, #Coleus amboinicus.
References:
1. Paul, K. et al, (2024). Traditional Uses, Phytochemistry, and Pharmacological Activities of Coleus amboinicus: A Comprehensive Review. Current pharmaceutical design, 30(7), pp.519–535. doi:https://doi.org/10.2174/0113816128283267240130062600.
2. Arumugam G. et al(2016). Plectranthus amboinicus (Lour.) Spreng: Botanical, Phytochemical, Pharmacological and Nutritional Significance. Molecules, [online] 21(4), p.369. doi:https://doi.org/10.3390/molecules21040369.
Author: Bindu Thekkethodi
Expert Peer Review: Dr Rajeev Kumar
Discussion about this post