എറണാകുളം: കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിലേറെയുണ്ടായത് നഷ്ടം. 433.49 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി മെട്രോയ്ക്കുണ്ടായത്. അതിന് മുമ്പുള്ള സാമ്പത്തിക വർഷത്തിൽ 335.71 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം നൂറ് കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കൊച്ചി മെട്രോ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മെട്രോയുടെ വരുമാനത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. പ്രവർത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയും മറ്റ് ഇനത്തിലുള്ള വരുമാനമായി നേടിയത് 95.11 കോടി രൂപയുമാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 246.61 കോടി രൂപ കൊച്ചി മെട്രാ കഴിഞ്ഞ സാമ്പത്തിക വർഷം നേടിയിട്ടുണ്ട്. അതിന് മുമ്പത്തെ സാമ്പത്തിക വർഷത്തിൽ 200.99 കോടി രൂപയായിരുന്നു നേടിയത്. വരുമാനത്തിനൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചിലവുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 205.60 കോടി രൂപയാണ് ചിലവിനത്തിൽ വന്നതെങ്കിൽ അതിന് മുമ്പുള്ള വർഷത്തിലിത് 128.89 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷത്തിൽ ആകെ ചിലവ് 205.60 കോടിയും അതിന് മുമ്പത്തെ വർഷത്തിൽ 128.89 കോടി രൂപയുമായിരുന്നു. വായപാ ഇനത്തിലുള്ള തിരിച്ചടവും ശേഷിക്കുന്നുണ്ട്. മെട്രോയുടെ ഒന്നാം ഘട്ട നിർമാണത്തിനായി എടുത്ത ഫ്രഞ്ച് ഏജൻസിയായ എഎഫ്ഡിയിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 കോടി രൂപയും വായ്പയുണ്ട്.
കാനറ ബാങ്ക്, യൂണിയൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്നും 672.18 കോടി രൂപയും കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ നിന്നും 141 കോടി രൂപയും ഹഡ്‌കോയിൽ നിന്നും 577.61 കോടി രൂപയും വായ്പയായുണ്ട്.
Discussion about this post