ന്യൂഡൽഹി: 2019 മുതൽ 2014 വരെയുള്ള അഞ്ച് വർഷത്തിനിടെ കേന്ദ്രസർക്കാർ റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസൻസ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 34 ചാനലുകളുടെ ലൈസൻസ് അപേക്ഷ നിരസിക്കുകയും ചെയ്തു. 2020-21 കാലയളവിലാണ് ഏറ്റവും അധികം ചാനലുകളുടെ ലൈസൻസ് റദ്ദാക്കിയത്.രാജ്യസഭയിൽ കേന്ദ്രസഹമന്ത്രി എൽ മുരുഗനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
269 ചാനലുകളുടെ ലൈസൻസ് പുതുക്കി നൽകുകയും 110 ചാനലുകളുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്തതായും സഹമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിലാണ് നടപടി.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തടസപ്പെടുത്താനും നിർദേശം നൽകാനും നിയമങ്ങൾ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022ൽ രാജ്യത്തെ 80ലധികം ഓൺലൈൻ വാർത്താ ചാനലുകളും 23 ന്യൂസ് വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. ചാനലുകൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിന്റെയും ബഹിരാകാശ വകുപ്പിന്റെയും അനുമതി വേണം.
Discussion about this post