ഹൈദരാബാദ്: അല്ലു അർജുനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് തീൻമർ മല്ലണ്ണ. സിനിമയിൽ അല്ലു അർജുൻ സ്വിമ്മിംഗ് പൂളിൽ മൂത്രമൊഴിക്കുന്ന രംഗമാണ് പരാതിയ്ക്ക് ആധാരമായത്. പുഷ്പ 2 വിലെ ഈ രംഗം മര്യാദയില്ലാത്തത് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്. പുഷ്പ കാണാൻ എത്തിയ സ്ത്രീ തിരക്കിൽപ്പെട്ട് തിയറ്ററിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അല്ലു അർജുനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ട് ഇരിക്കുന്നത്. ഇതിനിടെ ആണ് കോൺഗ്രസ് നേതാവിന്റെ പരാതി.
നിയമപാലകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രംഗമാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് പരാതിയിൽ പറയുന്നത്. മര്യാദയില്ലാത്ത ഈ രംഗം നിയമപാലകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നത് ആണ്. അതിനാൽ അല്ലു അർജുനെതിരെ കേസ് എടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അല്ലു അർജുന് പുറമേ സിനിമയുടെ സംവിധായകൻ സുകുമാറിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ പോലീസിന് മുൻപിൽ ഹാജരായി. ചോദ്യം ചെയ്യലിന് വേണ്ടിയായിരുന്നു അദ്ദേഹം ഹാജരായത്. രാവിലെ 11 മണിയോടെ ചിക്കഡ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്.
Discussion about this post