മുംബൈ: പുതിയ എത്ര വിഭവങ്ങൾ വന്നാലും തന്റെ തട്ട് താണിരിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ബിരിയാണി. ഈ വർഷം ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി ആണ്. ദോശയ്ക്കാണ് രണ്ടാം സ്ഥാനം.
2024 കഴിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണം ഏതെന്ന് വ്യക്തമാക്കി സ്വിഗ്ഗി രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 83 മില്യൺ ബിരിയാണ് സ്വിഗ്ഗിയിലൂടെ ആളുകൾ ഓർഡർ നൽകിയിരിക്കുന്നത്. അതായത് ഒരു മിനിറ്റിൽ 158 ബിരിയാണികൾ എന്ന നിലയിൽ ആയിരുന്നു ആളുകൾ ഓർഡർ ചെയ്തിരുന്നത്.
23 മില്യൺ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്. പ്രഭാത ഭക്ഷണം ആയിട്ടായിരുന്നു ഏറ്റവും കൂടുതൽ പേർ ദോശയ്ക്കായി ഓർഡർ നൽകിയത്. സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച ഡെസർട്ടുകളാണ് ഐസ്‌ക്രീമും രസമലായും. ഓർഡർ ചെയ്ത് കേവലം 10 മിനിറ്റുകൾക്കുള്ളിലാണ് ഡെസർട്ടുകൾ സ്വിഗ്ഗി ആളുകളിൽ എത്തിക്കുന്നത്.
ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത സ്‌നാക് ആണ് ചിക്കൻ റോൾ. കഴിഞ്ഞ ഒരു വർഷം ചിക്കൻ റോളിനായുള്ള 2.48 മില്യൺ ഓർഡറുകളാണ് ലഭിച്ചത്. രാത്രി നേരത്തെ പ്രിയ വിഭവം ചിക്കൻ ബർഗർ ആണ്. ഡൽഹിയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത് ചോളെ ബട്ടൂരയ്ക്കാണ്. ഷില്ലോംഗിൽ നൂഡിൽസിന് ആണ് കൂടുതൽ പ്രചാരം.
Discussion about this post