കോഴിക്കോട്; എംടിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് ഒടിയൻ സംവിധായകൻ എംടി വാസുദേവൻനായർ. എംടി തന്നെ മകനെ പോലെയാണ് കണ്ടിരുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. അദ്ദേഹവുമായി തനിക്ക് അടുത്തിടപെടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എംടിയുടെ സിത്താര എന്ന വീട്ടിലെത്തിയാണ് താൻ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കാൻ അഭ്യർത്ഥിച്ചതെന്നും അത് സിനിമയാക്കാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നുവെന്നും ശ്രീകുമാർ മേനോൻ ഓർത്തു.
രണ്ടാംമൂഴം സിനിമയാക്കാൻ സാധിക്കാത്തിൽ ബജറ്റ് തന്നെയാണ് വലിയ പ്രതിസന്ധി. താൻ മനസിൽ കണ്ടതുപോലെ ഒരു വിശ്വോത്തര സിനിമയുണ്ടാക്കണമെങ്കിൽ ബജറ്റ് 500 കോടിയിലോ 600 കോടിയിലോ ഒന്നും നിൽക്കില്ല. ആയിരം കോടിയെങ്കിലും ആ പ്രൊജക്ട് തീർക്കാൻ ആവശ്യമായി വരും. അങ്ങനെയാണ് അത് ഉപേക്ഷിച്ചത്. രണ്ടാമൂഴം സിനിമയാക്കാൻ തനിക്ക് ഇനി കഴിയില്ല. കോടതി വ്യവഹാരങ്ങൾ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.
എംടിയെ അനുസ്മരിക്കുന്ന ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്
ഒരു ഊഴം കൂടി തരുമോ. അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.
എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് ”വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം. സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്.
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിക്കായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്‌ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ എന്നായിരുന്നു ശ്രീകുമാറിന്റെ കുറിപ്പ്. എംടിയുടെ കൂടെയുള്ള ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post