പത്തനംതിട്ട: തന്റെ മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മകൻ കനിവിനെ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും പ്രതിഭ പ്രതികരിച്ചു. മദ്യത്തിനും ലഹരിയ്ക്കുമെതിരെ ശക്തമായി പോരാടുന്ന സ്ത്രീ കൂടിയാണ് താനെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
മാദ്ധ്യമങ്ങളിൽ വാർത്ത വന്നത് മുതൽ നിരവധി ഫോൺ കോളുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. മകനും സുഹൃത്തുകളും ഒന്നിച്ച് ഇരിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി ചോദ്യം ചെയ്തു. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. ഇതിനാണ് മകൻ കഞ്ചാവുമായി പിടിയിൽ എന്ന തരത്തിൽ വാർത്തകൾ വന്നത്.
ശത്രുക്കൾ ഉണ്ട്. എംഎൽഎ ആയതുകൊണ്ടും പൊകുപ്രവർത്തക ആയതുകൊണ്ടും ഈ വാർത്തയ്ക്ക് വലിയ മൈലേജ് കിട്ടും. വാർത്ത ശരിയല്ല. അങ്ങനെ ആണെങ്കിൽ മാദ്ധ്യമങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണ് എങ്കിൽ മാദ്ധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണം. ആരും തെറ്റായ വഴിയിലൂടെ പോകരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അമ്മയാണ്. പക്ഷെ എന്റെ മകൻ പോകരുത് എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളൂ. മറ്റൊരു വഴിയൂടെ പോകാതിരിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നും പ്രതിഭ പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയാണ് പ്രതിഭയുടെ മകൻ കനിവിനെ എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തകഴിപാലത്തിന് അടിയിൽ കൂട്ടുകാർക്കൊപ്പം കഞ്ചാവ് വലിക്കുകയുമായിരുന്നു 21 കാരനായ കനിവ് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ എക്‌സൈസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Discussion about this post