ലിമ: പെറുവിൽ ആഞ്ഞടിച്ച് രാക്ഷസ തിരമാല. സംഭവത്തിൽ ഒരാൾ മരിച്ചു. ഇക്വഡോർ സ്വദേശിയാണ് മരിച്ചത്. സംഭവം ആളുകളിൽ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭീമൻ തിരമാലകൾ പ്രത്യക്ഷപ്പെട്ടത്. പെറുവിന്റെ വിവിധ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിൽ തിരമാലകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. തിരമാലകൾക്ക് 13 അടി ഉയരം ഉണ്ടായിരുന്നു. സംഭവ സമയം ബീച്ചുകളിലും തീരമേഖലകളിലും നിരവധി പേർ ഉണ്ടായിരുന്നു. തിരമാലകൾ കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരിൽ ചിലരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ന് രാവിലെയാണ് ഇക്വഡോർ സ്വദേശിയുടെ മൃതദേഹം തീരത്ത് അടിഞ്ഞത്. രാവിലെ ആറ് മണിയ്ക്കായിരുന്നു ബാർബസ്‌ക്വിലോ മേഖലയിൽ മൃതദേഹം കണ്ടത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെറുവിന്റെ തീരമേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരദേശങ്ങൾ അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആളുകൾക്ക് ബീച്ചുകളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. തീരമേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തയേക്ക് മാറ്റിയിട്ടുണ്ട്. 121 തുറമുഖങ്ങളാണ് പെറുവിയിൽ ആകെ ഉള്ളത്. ഇതിൽ 91ഉം അടച്ചിട്ടുണ്ട്. ഭീമൻ തിരമാല ആഞ്ഞടിച്ചതിനെ തുടർന്ന് തിരവധി മത്സ്യബന്ധന ബോട്ടുകൾ തർന്നു. മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
സുനാമിയെ തുടർന്നായിരുന്നു ഭീമൻ തിരമാലകൾ പ്രത്യക്ഷപ്പെട്ടത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് വിവരം. ശക്തമായ കാറ്റാണ് ഉയർന്ന തിരമാലയ്ക്ക് കാരണം ആയത് എന്നാണ് ഇപ്പോഴത്തെ അനുമാനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post