ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുമെങ്കിലും പലപ്പോഴും അതിനെ അവഗണിക്കുന്നവരാണ് പകുതിയിലധികം പേരും.
ചുണ്ടിലും വായിലും വ്രണങ്ങൾ കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. വിറ്റാമിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോൾ പലപ്പോഴും കാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ പെടുന്നവയാണ് ഇത് എന്നതാണ് സത്യം. രോഗനിർണയം നടത്തിയാൽ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഓറൽ കാൻസർ. പുകയില ഉപയോഗം, അമിതമായ മദ്യപാനം, വായിലെ ശുചിത്വമില്ലായ്മ, ജനിതകം എന്നിവയാണ് ഓറൽ കാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്‌ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്.
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്.വായിലും തൊണ്ടയിലും തുടർച്ചയായ വേദന, ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ചുണ്ടിലും നാക്കിലും തൊണ്ടയിലും കവളിനുള്ളിലും നീർക്കെട്ട്, കുരുക്കൾ, നാക്കിനോ വായ്ക്കോ മരവിപ്പ്, നാക്കിലും കവിളിനുള്ളിലും വെളുത്തതോ ചുവന്നതോ ആയ പാടുകൾ, ദീർഘകാലമായുള്ള വായ്നാറ്റം, ഇളകിയ പല്ലുകൾ, കാതിനും താടിക്കും വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഉടനടി ദന്തരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടത് അർബുദത്തിലേക്ക് നയിക്കാതിരിക്കാൻ സഹായിക്കും.
ഓറൽ സെക്‌സ് തൊണ്ടയിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) പകരുന്നതിനുള്ള എളുപ്പവഴികളിലൊന്നാണ് ഓറൽ സെക്‌സ്. ഇത് ചർമ്മത്തിലെ അരിമ്പാറകളിൽ കാണപ്പെടുന്ന തരം അണുബാധതകൾക്കും, വിവിധ തരത്തിലുള്ള കാൻസറുകൾക്കും കാരണമാകുന്നു. ആഗോള തലത്തിൽ നടന്ന പഠനങ്ങൾ, ഇതിനകം തന്നെ ഓറൽ സെക്‌സും തൊണ്ടയിലെ കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്, ചില എച്ച്പിവി സ്‌ട്രെയിനുകളുടെ പ്രസരണമാണ് പ്രധാനകാരണം
Discussion about this post