തൃശൂർ: പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാൽ അന്തരിച്ചു. 86 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം.
കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗ്ലീഷിലേക്കും മലയാളിത്തിലേക്കും വിവർത്തനം ചെയ്ത ഗവേഷകനായിരുന്നു ഡോ. കെ.എസ് മണിലാൽ. 50 വർഷം നീണ്ടു നിന്ന ഗവേഷണ തപസ്യയുടെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇത് സാധ്യമാക്കിയത്. 2020ലാണ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ഏറെ പ്രസിദ്ധമാണ്. റോയൽ സൊസൈറ്റി നഫീൽഡ് ഫൗണ്ടേഷൻ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാൽ 1971 ൽ ബ്രിട്ടനിൽ സസ്യശാസ്ത്ര ഗവേഷണം നടത്തി.
ഹോർത്തൂസ് മലബാറിക്കൂസ് കൂടാതെ, ഫ്‌ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്‌ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആൻഡ് ഹിസ്റ്ററി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ് (1980), ആൻ ഇന്റർപ്രട്ടേഷൻ ഓഫ് വാൻ റീഡ്സ് ഹോർത്തൂസ് മലബാറിക്കൂസ്(1988), ഹോർത്തൂസ് മലബാറിക്കൂസ് ആൻഡ് ദി സോഷ്യോ-കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ഏറെ നാളായി രോഗബാധിതനായിരുന്നു. നാല് ദിവസം മുമ്പാണ് രോഗം കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്ന് മണിക്ക് തൃശൂർ വടൂക്കര ശ്മശാനത്തിൽ വച്ച് സംസ്‌കാരം. കാട്ടുങ്ങൽ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂർ വടക്കേക്കരയിലാണ് മണിലാൽ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽ തുടർപഠനം നടത്തി. ജ്യോത്സ്നയാണ് ഭാര്യ, അനിതയാണ് മകൾ.
Discussion about this post