മീൻ കറിയില്ലാതെ ഒരു പിടി ചോറ് കഴിക്കാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് പലരും. ഒരു കഷ്ണം മീൻ വറുത്തത് കൂടിയുണ്ടെങ്കിൽ ഉച്ചയൂണ് ഗംഭീരമാകും. എന്നാൽ, വീട്ടിൽ മീൻ വാങ്ങിയാൽ നൂറ് പ്രശ്‌നങ്ങൾ അതിന്റെ പിന്നാലെയുണ്ടാകുമെന്നത് കൊണ്ട് തന്നെ, ഇത് വാങ്ങാനും ആളുകൾക്ക് വലിയ മടിയാണ്.
മീൻ വാങ്ങിയാൽ അത് വെട്ടി ക്ലീൻ ചെയ്യുക എന്നത് തന്നെയാണ് ആദ്യത്തെ പ്രശ്‌നം. എന്നാൽ ഇപ്പോൾ മിക്കയിടത്തും മീൻ വെട്ടി ക്ലീൻ ചെയ്ത് തരാറുണ്ട്. അതുകൊണ്ട് തന്നെ ആ പ്രശ്‌നം മാറിക്കിട്ടി. നഗരങ്ങളിൽ താമസിക്കുന്നവർ പൊതുവെ മീൻ ഇത്തരത്തിൽ ക്ലീൻ ചെയ്താണ് വാങ്ങാറുള്ളത്. എന്നാൽ, അപ്പോഴും വീട്ടമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് മീൻ അടുക്കളയിൽ കയറ്റിയാൽ, അവിടെ തങ്ങി നിൽക്കുന്ന മണം.
സാധാരണ വീട്ടിൽ മീൻ വാങ്ങിയാൽ അടുക്കളയിൽ മാത്രമല്ല, ചിലപ്പോൾ വീട് മുഴുവൻ മീൻ മണം തങ്ങി നിൽക്കാറുണ്ട്. പല വീടുകളിലും ഇതൊരു വലിയ തലദേനയാണ്. അപ്രതീക്ഷിതമായി വീട്ടിലേക്ക് അതിഥികൾ വന്നാൽ, അതൊരു നാണക്കേട് തന്നെയായി മാറുന്നു.
എന്നാൽ, അടുക്കളയിൽ തങ്ങി നിൽക്കുന്ന ഈ മീൻ മണം ഇല്ലാതാക്കാൻ ചില പൊടിക്കെകൾ ഉണ്ട്. മീൻ കറി വയ്ക്കുകയോ വറുക്കുകയോ ചെയ്യുന്ന സമയത്ത് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടാൻ ശ്രമിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതുവഴി മീൻ വറുക്കുകയോ വയ്ക്കുകയോ ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന മണം ഒരു പരിധിവരെ പുറത്തേക്ക് പോവാൻ സഹായിക്കും.
ഇനിയും മണം പോവുന്നില്ലെങ്കിൽ, വിനാഗരിയും വെള്ളവും ചേർത്ത് ഉപയോഗിച്ചും അടുക്കളയിലെ ഗന്ധം അകറ്റാം. ഇതിനായി ആദ്യം ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക. ഇത് വഴിയും ദുർഗന്ധത്തെ അകറ്റാം. അടുക്കളയിൽ പല ഭാഗത്തായി അൽപ്പം ബേക്കിംഗ് സോഡ് വിതറുന്നതും മീൻ മണം ഇല്ലാതാക്കാൻ സഹായിക്കും.
Discussion about this post