വിവിധതരം ചോറുകൾ, ചപ്പാത്തി ഉൾപ്പെടെയുള്ള വിവിധതരം റൊട്ടികൾ ഇതായിരുന്നു ഒരുകാലത്ത് ഇന്ത്യൻ ഭക്ഷണ ചരിത്രം. ചോറും ചപ്പാത്തിയും അടക്കിവാണിരുന്ന ഇന്ത്യൻ ഭക്ഷണ വിപണിയിലേക്ക് 42 വർഷങ്ങൾക്കു മുൻപ് ഒരു അതിഥി എത്തി. വെറും രണ്ടു മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് ന്യൂഡിൽസ്. ഇന്ന് ഇന്ത്യയിലെമ്പാടും എല്ലാവരുടെയും പ്രിയ ഭക്ഷണമായി മാറിയ ഇൻസ്റ്റന്റ് നൂഡിൽസിന് പതിറ്റാണ്ടുകളോളം നമുക്ക് ഒരൊറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ‘മാഗി’.
1983 ലാണ് മാഗി ഇന്ത്യൻ വിപണിയിലേക്ക് കടന്നെത്തുന്നത്. നെസ്ലെയുടെ ഈ സ്വിസ് ഉൽപ്പന്നം ആദ്യം ഒന്നും ഇന്ത്യൻ വിപണിയിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. അരിയും ഗോതമ്പും അത്രത്തോളം വികാരമായി മാറിയിരുന്ന ഇന്ത്യൻ ഭക്ഷണ പ്രേമികൾക്കിടയിലേക്ക് കടന്നു ചെല്ലാൻ ഒടുവിൽ മാഗിക്ക് ഒരു സ്നാക്സ് ഐറ്റം ആയി മാറേണ്ടി വന്നു. വർക്കിംഗ് വുമൺസ് ആയ സ്ത്രീകളെയാണ് മാഗി ശരിക്കും ലക്ഷ്യം വെച്ചത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വൈകുന്നേരം സ്കൂളിൽ നിന്ന് എത്തുന്ന കുട്ടികൾക്ക് വെറും രണ്ടു മിനിറ്റിനുള്ളിൽ തയ്യാറാക്കി നൽകാവുന്ന ഒരു സ്നാക്ക്, അതായിരുന്നു ആദ്യകാലത്തെ മാഗിയുടെ പരസ്യതന്ത്രം തന്നെ. അങ്ങനെ പതിയെ പതിയെ ഇന്ത്യൻ ഭക്ഷണപ്രേമികൾക്കിടയിൽ മാഗി തന്റെ ചുവടുറപ്പിക്കുകയായിരുന്നു.
മാഗി ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇന്ത്യൻ വിപണിയിലെത്തി ആദ്യ ഇരുപത് വർഷത്തിൽ ഒരു എതിരാളി പോലും ഇല്ലായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. 1500 കോടി രൂപയോളം വിപണി മൂല്യമുള്ള ഇന്ത്യൻ വിപണിയിലെ നെസ്‌ലെയുടെ ഏറ്റവും വലിയ ബ്രാൻഡ് ആയി മാഗി മാറി. എന്നാൽ 2015 ഏപ്രിൽ മാസത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു തിരിച്ചടി മാഗിക്ക് നേരിടേണ്ടി വന്നു. മോണോസോഡിയം ഗ്ലൂട്ടാമേറ്റിനൊപ്പം (എംഎസ്ജി) അനുവദനീയമായതിലും കൂടുതൽ ലെഡ് സാന്ദ്രത കണ്ടെത്തിയതിനെ തുടർന്ന് മാഗി കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിരോധനത്തിൻ്റെ കാലത്ത് നെസ്‌ലെ നേരിട്ടത്. കമ്പനിക്ക് 77 മില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ നശിപ്പിക്കേണ്ടി വന്നു. നിരോധനത്തെ തുടർന്ന് 37,000 ടൺ നൂഡിൽസ് ആണ് കമ്പനിക്ക് നശിപ്പിച്ചു കളയേണ്ടതായി വന്നത്. 2015-ൽ ഇന്ത്യയുടെ നൂഡിൽ വിപണിയുടെ 80% ആധിപത്യം പുലർത്തിയിരുന്ന മാഗി ഒരു മാസത്തിനുള്ളിൽ 0% ആയി. പിന്നീട് അഞ്ചു മാസങ്ങൾക്ക് ശേഷം തങ്ങളുടെ ഉൽപ്പന്നത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് നെസ്‌ലെ കോടതിയിൽ നിന്നും അനുകൂല വിധി നേടി. കോടതി നിർദ്ദേശിച്ച വിവിധ പരിശോധനകൾക്കും മൂന്ന് അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള ക്ലീൻ ചിറ്റിനും ശേഷം 2015 നവംബറിൽ മാഗി വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തി. ഇന്ന് ഇന്ത്യൻ വിപണിയിൽ മാഗിക്ക് ശക്തരായ എതിരാളികൾ ഉണ്ടെങ്കിലും ഇപ്പോഴും ഇൻസ്റ്റന്റ് ന്യൂഡിൽസ് വിപണിയുടെ ഒരു പ്രധാന ഭാഗമായി മാഗിയുടെ യാത്ര തുടരുകയാണ്.
Discussion about this post