ന്യൂയോർക്ക്: ലോക നേതാക്കളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ സംബന്ധിച്ച വിവരം പുറത്തുവിട്ട് ബൈഡൻ കുടുംബം. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റും ജിൽ ബൈഡൻ പ്രഥമ വനിതയും ആയിരുന്ന സമയത്ത് ഇവർക്ക് ലഭിച്ച സമ്മാനങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സമ്മാനം ആണ് ഏറ്റവും വിലമതിച്ചത്.
അമേരിക്കൻ സന്ദർശന വേളയിൽ വിലയേറിയ വജ്രമാണ് മോദി സമ്മാനിച്ചത്. ജിൽ ബൈഡന് സമ്മാനിച്ച ഈ വജ്രക്കല്ലിന് 20,000 ഡോളർ അഥവാ 17 ലക്ഷം രൂപ വിലയാണ് വില വരുക. വജ്രാഭരണങ്ങൾ ഉൾപ്പെടെ ജിൽ ബൈഡന് ലോക നേതാക്കളും മറ്റ് പ്രമുഖരും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയും വില മോദി സമ്മാനിച്ച വജ്രത്തെക്കാൾ കുറവ് ആണ്. ബൈഡന് പോലും ഇത്രയും വിലയേറിയ സമ്മാനം ആരും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
2023 ലെ സന്ദർശന വേളയിൽ ആയിരുന്നു ജിൽ ബൈഡന് വജ്രം കൈമാറിയത്. 7.5 കാരറ്റ് മൂല്യമുള്ള വജ്രം കശ്മീരി പേപ്പിയർ- മാഷെ ബോക്‌സിൽ ആയിരുന്നു കൈമാറിയിരുന്നത്. തുടർന്ന് ഇത് വൈറ്റ് ഹൗസിലെ ഈസ്റ്റ് വിംഗിൽ സൂക്ഷിക്കുകയായിരുന്നു. അതേസമയം ജോ ബൈഡന് 6,232 ഡോളർ വിലമതിപ്പുള്ള സമ്മാനങ്ങളാണ് കൈമാറിയിട്ടുള്ളത്. അതിൽ കൊത്തുപണി ചെയ്ത ചന്ദനപ്പെട്ടി, പത്ത് പ്രധാന ഉപനിഷത്ത് എന്ന പുസ്തകം, പ്രതിമ, എണ്ണ വിളക്ക് എന്നിവ ഉൾപ്പെടുന്നു. 2022 ലെ സന്ദർശന വേളയിൽ ആയിരം ഡോളർ വിലമതിയ്ക്കുന്ന പെയിന്റിംഗും സമ്മാനമായി നൽകിയിരുന്നു. 2023 ലെ സന്ദർശന വേളയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സമ്മാനം കൈമാറിയിരുന്നു.
മോദിയ്ക്ക് പിന്നാലെ വിലപിടിപ്പുള്ള സമ്മാനം നൽകിയത് യുക്രെയ്ൻ അംബാസിഡർ ആണ്. കൈച്ചെയിൻ, ഫോട്ടോ ആൽബം, ബ്രൂച്ച് എന്നിവ ആയിരുന്നു ജിൽ ബൈഡന് അദ്ദേഹം സമ്മാനമായി നൽകിയത്. 7,100 ഡോളർ വിലമതിയ്ക്കുന്ന ഫോട്ടോ ആൽബം ആണ് ജോ ബൈഡന് ലഭിച്ചിട്ടുള്ള ഏറ്റവും വിലമതിപ്പുള്ള സമ്മാനം. ദക്ഷിണകൊറിയൻ പ്രസിഡന്റ് ആയിരുന്ന യുക്ക് യോൾ യൂൺ ആണ് ഇത് നൽകിയത്. അതേസമയം മോദി നൽകിയ വജ്രം ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ നാഷണൽ ആർക്കൈവ്‌സിൽ ആണ് സൂക്ഷിക്കുക.
Discussion about this post