എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം മാറ്റം വന്നിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഉമ തോമസ് വെന്റിലേറ്ററില്‍ തന്നെ തുടരും.
ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും.
അതേസമയം, സുരക്ഷാ വീഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്‌റ്റേഡിയത്തിൽ നൃത്ത പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി മാത്രമാണ് സ്‌റ്റേജ് നിർമിച്ചത്. പരിപാടിയുടെ അനുമതി തേടി സംഘടകൾ തലേന്ന് ആണ് കൊച്ചി കോർപ്പറേഷനെ സമീപിച്ചതെന്നുമാണ് വിവരം.
ഹെൽത്ത് ഓഫീസർ തലേന്ന് സ്‌റ്റേഡിയത്തിലെത്തി പരിശോധന നടത്തുമ്പോൾ അവിടെ സ്‌റ്റേജ് നിർമിച്ചരുന്നില്ല. ആകെ ഒരു കാരവാനും ആംബുലൻസും മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 12,000 നർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരെ എട്ട് കൗണ്ടറുകൾ വഴിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. എട്ട് കൗണ്ടറുകളിലായി എട്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം സമയം കാത്ത് നിന്നതിന് ശേഷമാണ് നർത്തകർ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നീട് പോലീസ് ഇടപെട്ടാണ് എല്ലാവരെയും സ്‌റ്റേഡിയത്തിലേക്ക് വേഗം പ്രവേശിപ്പിച്ചത്. വീടുകളിൽ നിന്നും മേക്കപ്പ് ചെയ്ത് വന്ന കുട്ടികൾക്ക് നിർജലീകരണം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.
Discussion about this post