തിരുവനന്തപുരം; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന തുക ചെലവിന് പോലും തികയുന്നില്ലെന്ന് പരാതി.നഷ്ടം സഹിച്ച് റേഷൻ വ്യാപാരം നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻപിള്ള ചൂണ്ടിക്കാട്ടി. റേഷൻ വ്യാപാരികളുടെ വേതനം 30,000 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
ഭക്ഷ്യ ഭദ്രതാനിയമവും ഈപോസ് വഴിയുള്ള റേഷൻ വിതരണവും കേരളത്തിൽ ആരംഭിച്ചപ്പോൾ സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് മിനിമം വേതനം 18,000 രൂപ നൽകുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിൽ 8,500 രൂപ സപ്പോർട്ടിംഗ് മണിയായി പ്രഖ്യാപിക്കുകയും വിൽപ്പന കുറയുന്നതിനനുസരിച്ച് സപ്പോർട്ടിംഗ് മണി കുറയുന്ന രീതിയിൽ വ്യവസ്ഥ ചെയ്തു. അതിൻ പ്രകാരം 60 ശതമാനത്തിൽ താഴെ വിൽപ്പനയുള്ളവർക്ക് 5100 രൂപമാത്രമേ സപ്പോർട്ടിംഗ് മണി ലഭിക്കുകയുള്ളു. ഏതു കടയിൽ നിന്നും റേഷൻ വാങ്ങമെന്ന നിയമം നടപ്പിലായതോടെ 3500 ഓളം വ്യാപാരികൾക്ക് 6000 രൂപ മുതൽ 15000 രൂപയിൽ താഴെ വരെ മാത്രമെ ലഭിക്കുന്നുള്ളു. കടവാടക, കറണ്ട് ചാർജ്, സെയിൽസ്മാന്റെ ശമ്പളം തുടങ്ങിയ ചെലവുകൾക്ക് ഈ തുക തികയാത്ത സ്ഥിതിയാണെന്നാണ് പരാതി.
Discussion about this post