മഞ്ചേരി: മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് ശിക്ഷവിധിച്ച് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി. കോഡൂർ ആൽപ്പറ്റക്കുളമ്പ് ചെറുകാട്ടിൽ അബ്ദുൽ ഹമീദിനെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്.കഠിന തടവും പിഴയും ആണ് വിധിച്ചത്. വിവിധ വകുപ്പുകളിലായി ആറു വർഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനുമാണ് കോടതി വിധിച്ചത്.
2024 മാർച്ച് 19നാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി.
പോക്സോ ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവ് 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ അധിക തടവ്, കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വർഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടുമാസത്തെ അധിക തടവ്, കുട്ടിയെ തടഞ്ഞു വെച്ചതിന് ഒരു മാസത്തെ തടവ്, 500 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 10 ദിവസത്തെ തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്നും പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post