എന്താണ് സനാതനം … ? ഈ ഒരു ചോദ്യം അപ്രസക്തമാണ്. ഇരുണ്ട ഗുഹകളിൽ നിന്നും കാലം ഇറങ്ങിപുറപ്പെട്ടിട്ട് അത് വെളിച്ചത്തെ പുണർന്നയിടത്താണ് സനാതന ധർമ്മത്തിന്റെ ജനനം എന്നാണ് പറയുന്നത്. എന്താണ് സനാതനം എന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞുതരികയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് .
ഫേസബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ഇരുണ്ട ഗുഹകളിൽ നിന്നും കാലം ഇറങ്ങിപുറപ്പെട്ടിട്ട് അത് വെളിച്ചത്തെ പുണർന്നയിടത്താണ് സനാതന ധർമ്മത്തിന്റെ ജനനം. കാലത്തിന്റെയൊപ്പം ചലിച്ച് ആനുകാലികമായതാണ് സനാതന ധർമ്മത്തിന്റെ ജീവനും ആരോഗ്യവും ! ലോകത്തിലെ നദീതീരങ്ങളിൽ ജനിച്ച പരിഷ്‌കാരങ്ങൾക്കൊത്ത് അവിടങ്ങളിലെ സംസ്‌കാരവും ആ മണ്ണിടങ്ങളിൽ ചരിത്രാവശിഷ്ടങ്ങളായി മാറിയപ്പോഴും സാംസ്‌കാരിക നൈരന്തര്യത്തിന്റെ ഒരു പട്ടിഴ ഈ മണ്ണിൽ മാത്രം മാറി വന്ന പരിഷ്‌കാരങ്ങളെ കൂട്ടിയിണക്കി, അടിപ്പെടാതെ അതിജീവിച്ചു പോന്നു. സംസ്‌കാരത്തിന്റെ നിത്യനൂതനമായ ആ സുവർണ്ണ നൂലിനെയാണ് നാം ‘സനാതന ധർമ്മം’ എന്നു വിളിച്ചത്.
‘കുടുംബം’ ഉദാത്തമായ ഒരു സങ്കല്പമാകുന്നതിവിടെയാണ്. മാതാവും പിതാവും ഗുരുവും ദൈവതുല്യമാകുന്നതിവിടെയാണ്. ഭൂമി മാതാവും ജനത പുത്രരും ആകുന്നതിവിടെയാണ്. സ്തീ ദേവിയാകുന്നതിവിടെ മാത്രമാണ്. ‘പ്രജ്ഞാനം ബ്രഹ്‌മ’..അറിവാണ് ഈശ്വരൻ എന്ന ആപ്തവാക്യം ഇവിടെ നിന്ന് പുറപ്പെട്ടു വന്നതാണ്. ‘അന്ന ദാതാ സുഖീ ഭവന്തു ‘..അന്നം തരുന്നവന് സുഖം ഭവിക്കണേ എന്നു പ്രാർത്ഥിക്കുന്നതിവിടെയാണ്.
ഭൂമി എന്റെ അവകാശമല്ല എന്ന ബോധം ഇവിടെ നിന്നുള്ളതാണ്. മുറിച്ചെടുക്കും മുന്നെ മരങ്ങളോട് പ്രാർത്ഥിച്ചതിവിടെയാണ്. കിളികളോട് മാപ്പപേക്ഷിച്ചതിവിടെയാണ്. ഒരിറ്റു തൊട്ടാവാടിയോടു പോലും യാചിച്ചിട്ട് ഇലയിറ്റിച്ചതിവിടെയാണ്. ‘യന്തു നദയോ വർഷ ന്തു പർജന്യാഹ.. സൂപിപ്പല ഓഷധയോ ഭവന്തു!’ എന്ന് പ്രകൃതിയെ പൂജിച്ചത്, മലയെ ആരാധിച്ചത്, മഴയ്ക്കായി പ്രാർഥിച്ചത് ഇവിടെയാണ്. മുല്ലവള്ളിയെ തേൻമാവിനെ എല്പിച്ചു പോകുന്ന സാഹോദര്യത്തിന്റെ കരുതലും സ്പർശവും ഇവിടെയാണ്.
പ്രാവിന്റെ ജീവിനു പകരം രാജദേഹം പരുന്തിന് ബലിയാകുന്നതാകുന്നതിവിടെയാണ്. അന്ധന് രാജാവിന്റെ കണ്ണുകൾ ദാനം കിട്ടുന്ന നേത്രദാനത്തിന്റെ ബാലപാഠം കേട്ടതിവിടെയാണ്.
‘നേശേ ബലസ്യേതി ചരേദധർമ്മം’; ബലവാനാണ് എന്നു കരുതി അധർമം പ്രവർത്തിക്കരുത് എന്ന രാജനീതിയുടെ ധർമ്മശാസനം ഇവിടെ നിന്നുള്ളതാണ്. ‘യതോ ധർമ്മ സ്തതോ ജയ’.. ധർമ്മമേ ജയിക്കൂ എന്ന അമ്മ വാക്കിന്റെ അനുഗ്രഹമുള്ളത് ഇവിടെയാണ്. ‘ശതഹസ്‌തേന സമാഹാര സഹസ്ര ഹസ്‌തേന വികിര’.നൂറു കൈകൾ കൊണ്ട് എടുക്കാനും ആയിരം കൈകൾ കൊണ്ട് കൊടുക്കാനും പഠിപ്പിച്ച അധ്വാനത്തിന്റെയും ഉപഭോഗത്തിന്റെയും പ്രത്യയ ശാസ്ത്രം ഇവിടെ നിന്നുള്ളതാണ്. സംഗീതത്തെയും സാഹിത്യത്തെയും ദേവിയാക്കി ഉപാസിച്ച്, അവളുടെ ഇരു മുലകളും കുടിച്ചു വളർന്നവരിവിടെയാണ്. എല്ലായിടത്തു നിന്നും അറിവ് ഒഴുകി വരട്ടെയെന്ന പ്രാർത്ഥന ഇവിടെ നിന്നുള്ളതാണ്. ‘യത്ര വിശ്വം ഭവത്യേക നീഢം’ :ലോകം ഒരു പക്ഷിക്കൂടു പോലെയാകട്ടെ എന്ന പ്രാർത്ഥന കേട്ടത് ഇവിടെ നിന്നാണ്. ലോകത്തിന് സുഖം ഭവിക്കട്ടെ എന്ന ആശംസ കേട്ടതും ഇവിടെ നിന്നാണ്. ലോകമാകെയുള്ള വാൾ മുഴക്കങ്ങൾക്കും നിലവിളികൾക്കും ഞരക്കങ്ങൾക്കുമിടയിൽ ‘ശാന്തി’ എന്ന വാക്കു കേട്ടതിവിടെ നിന്നുമാത്രമാണ്.
കാടിന്റെ നീതി പുലർന്ന ലോകത്തിൽ ആദ്യമായി കാവ്യഗീതി കേട്ടതിവിടെ നിന്നാണ്. കരച്ചിലിനു പിന്നാലെ അലഞ്ഞ് കണ്ണുനീരാൽ കാടത്തത്തെ ശുദ്ധി ചെയ്‌തെടുത്തതവിടെയാണ്. മനുഷ്യന്റെ ഗുണത്തെയും വീര്യത്തെയും പിന്തുടർന്ന് സഞ്ചരിച്ചതവിടെയാണ്. ഉദ്ധൃതമായ ബ്രാഹ്‌മണ്യാഹന്തയ്ക്ക് തൊഴിൽ മഹാത്മ്യം പഠിക്കാൻ മഥുര ചന്തയിലെ ഇറച്ചിവെട്ടുകാരനിലേക്ക് വഴികാട്ടുന്നതിവിടെയൊരിതിഹാസത്തിലാണ്. ചണ്ഡാലന്റെ ശിഷ്യത്വം ബ്രാഹ്‌മണനെ സർവ്വജ്ഞനാക്കുന്നതിവിടെയാണ്. പറയന്റെ ചെറുമകൻ വേദം പകുക്കുന്നതിവിടെയാണ്. പറയിയുടെ മകൻ ബ്രാഹ്ഹ്‌മണത്തിന് അധികാരിയാവുന്നതിവിടെയാണ്. കാലത്തിനു കീഴടക്കാൻ കഴിയാതെ പോയതിനെ അത്ഭുതാതിരേകം കൊണ്ട് , നിത്യതയ്ക്കവകാശമില്ലാത്ത മർത്യർ വിളിച്ച പേരാണ് ‘സനാതനം’. വാളിനോടും വചനത്തോടും അത് സമരം ചെയ്തിട്ടുണ്ട്. വെട്ടിയാലും ചുട്ടാലും മുളയറ്റു പോകാത്ത ഒരു ‘ദിവ്യവൃക്ഷ’മായി അത് വളരുകയായിരുന്നു.
ഇസ്ലാമിന്റെ ഹുങ്കിനോടും ദയാരഹിതമായ പരാക്രമങ്ങളോടുമത് അഭിമാനത്തിന്റെ അഗ്‌നി ജ്വലിപ്പിച്ച് ചെറുത്തു നിന്നു . അഗ്‌നിയിലെരിഞ്ഞും ജലത്തിലലിഞ്ഞും അത് ശുദ്ധിയെക്കാത്തു . ചരിത്രം പരിഭ്രാന്തമായി തല കുമ്പിട്ടു പോകുന്ന ആയിരം അഗ്‌നിക്കാവടികൾക്കും ജലസമാധികൾക്കും ഈ രാജ്യം സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടിട്ടുണ്ട് ..തോറ്റിട്ടില്ല !
ഉദയംപേരൂരിലെ അന്യവൽക്കരണത്തോട് എതിർത്ത സാംസ്‌കാരിക ബോധം കൂനൻ കുരിശിനെ കെട്ടിവലിച്ച് അതിന്റെ വഴിക്കു കൊണ്ടുവന്നു. ചന്ദനം തൊടുന്ന, തിരികൊളുത്തുന്ന,കൊടിമരമുള്ള, കൽവിളക്കുകളുള്ള ക്രിസ്ത്യാനിയായിരുന്നു അന്യവൽക്കരണത്തിന്റെ വചനമാരികൾക്കെതിരെ സനാതന ധർമ്മത്തിന്റെ യുദ്ധ വിജയം. നായാടി മുതൽ നസ്രാണി വരെയുള്ളെ സാംസ്‌കാരിക ഐക്യത്തിന്റെ ഇരുതലകളെയും ഇണക്കുന്നത് അതേ സാംസ്‌കാരിക ബോധമാണ്.
ഒരു ജാതി കൊണ്ട് പൂർണ്ണമാകാതിരുന്ന സാമൂഹിക ക്രമമായിരുന്നു അത്.മതമെന്നതിലുപരി ധർമ്മം എന്നതു വിളിക്കപ്പെട്ടതതുകൊണ്ടാണ്. ഏതെങ്കിലും ഒരു ജാതിക്ക് സമൂഹനിർമ്മിതിയിൽ അതിന്റെ പങ്കു മാത്രമേ വഹിക്കാൻ കഴിഞ്ഞുള്ളൂ. നിറത്തിന്റെയും സമ്പത്തിന്റെയും എല്ലാ ഭേദഭാവനകൾക്കുമപ്പുറത്ത്,ആചാര വൈവിധ്യത്തിനപ്പുറത്ത് വിശ്വാസങ്ങളുടെ അദൃശ്യമായ ഒരു ചരട് സമൂഹത്തെ ബന്ധിപ്പിച്ചു നിർത്തി.ജാതി കൊണ്ട് അടയാളപ്പെടുത്തിയിരുന്ന ഒരു സാമൂഹിക ജീവിതത്തിൽ അവർ കണ്ട പൊരുത്തങ്ങളെച്ചേർത്താണ് ഹിന്ദുമതം അഥവാ സനാതന ധർമ്മം എന്നു വിവക്ഷിച്ചത്. സത്യത്തിൽ ഹിന്ദു മതത്തെ അവഹേളിക്കാനായി കണ്ടെത്തിയ ജാതിയും അതിന്റെ ഗുണദോഷങ്ങളുടെ സാന്നിധ്യവുമാണ് ഈ ധർമ്മത്തിന്റെ സാന്നിധ്യ സാക്ഷി.
അഗ്‌നിഹോത്രി യമനിയമാദികളോടെ ബ്രഹ്‌മോപാസന ചെയ്ത് സനാതനിയായി . ചാത്തൻ തന്റെ ജാത്യകലത്തിൽ നിന്നുകൊണ്ട് മാടൻ പോത്തിനെ ബ്രഹ്‌മമായി ഉപാസിച്ച് സനാതനിയായി . വടക്കുംനാഥന്റെ ശിരസ്സിൽ വലംപിരി ശംഖിൽ നിന്നും തീർഥം വീണു. കണ്ണപ്പന്റെ ശിവന് കവിൾകൊണ്ട വെള്ളത്തിലായിരുന്നു അഭിഷേകം. മാടൻപോത്തിനെ ബ്രഹ്‌മമാക്കുന്ന,കവിൾകൊണ്ട വെള്ളത്തെ ഗംഗയാകുന്ന അത്ഭുതത്തെയാണ്, ചാത്തനെയും അഗ്‌നിഹോത്രിയേയും ചേർത്ത് സനാതന ധർമ്മം എന്നു വിളിച്ചത്.
ചരിത്രം ഉണ്ടോ എന്നു പോലുമറിയാത്ത മലയർക്ക് രാമനേയും സീതയേയും അറിയാം. കാട്ടിൽ കുറിച്യരെ ഹിന്ദു വാക്കിയത് രാമനാണ്. പുല്പള്ളിയിലെ വാല്മീക്യാശ്രമവും കല്ലായിരിക്കുന്ന അമ്മയും മക്കളും നമ്മളോട് പറയുന്നതതാണ്.
പൂജിക്കാൻ പുരുഷനും സ്ത്രീയ്ക്കും അവകാശമുള്ളവരെയാണ് സനാതനികൾ എന്നു വിളിച്ചത്. മണ്ണാറശ്ശാലയിലെ നിലവറയിൽ മാത്രല്ല അത്. വനാന്തരങ്ങളിൽ സാന്താളരുടെ ഗോത്ര ഭൂമിയിൽ ആണും പെണ്ണും ശിവനെയും രാമനെയും പൂജിക്കുന്നു. പൂജാ വൈവിധ്യങ്ങൾക്കിടയിലും ശിവനും രാമനും ചേർന്ന് സാന്താളരെ ഹിന്ദുവാക്കുന്നു.പെണ്ണിനു ‘വിലക്കും പൂജയും വിധിക്കുന്ന’ വൈവിധ്യത്തെക്കൂടിയാണ് സനാതനം എന്നു വിളിക്കുന്നത്.
മലയെയും മലയെ ആരാധിച്ചവനെയും ദൈവമായി ആരാധിച്ചവരെയാണ് സനാതനി എന്നു വിളിച്ചത്. ദീപാവലിയുടെ ദിവസങ്ങളിലൊന്ന് ഗോവർദ്ധനത്തെ ആരാധിക്കാനുള്ളതായിരുന്നു. ചിലർക്കത് രാമനേയും സീതയേയും വിളക്കു കൊളുത്തി വരവേൽക്കാനുള്ളത്. ചിലർക്കാകട്ടെ മുരാരിയെ സ്തുതിക്കാനുള്ളത്. ഒരേ ഉത്സവത്തിലെ ഈ വൈവിധ്യമാണ് സനാതനധർമ്മം .
കള്ളും മുറുക്കാനും നേദിക്കുന്നവനും പാനകവും മോദകവും നേദിക്കുന്നവനും ഹിന്ദുവാകുന്നത് അവരിരുവരും മോക്ഷത്തിൽ വിശ്വസിക്കുന്നു, പുനർജന്മത്തിൽ , ആത്മാവിൽ വിശ്വസിക്കുന്നു, തൂത്തെറിഞ്ഞിട്ടും പോകാതെ ജാതി അവനെ പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ്. മുത്തപ്പന്റെ ഉണക്കമീനും അയ്യപ്പന്റെ അരവണയും ഒരു പോലെ വിശുദ്ധമാകുന്ന അത്ഭുതത്തിന്റെ പേരാണ് സനാതന ധർമ്മം. നടരാജന് പാദത്തിലമർന്ന മുയലകാസുരനും മുടിയിലെ ഇന്ദു കലയുമില്ലെങ്കിൽ പൂർണ്ണതയില്ല. ഇക്കണ്ട പേയും പിശാചും തീച്ചാമുണ്ഡിയും മാടനും മറുതയുമെല്ലാം കൈലാസത്തിൽ നിന്നിറങ്ങി കാവിൽ വന്നിരുന്ന ഭൂതഗണങ്ങളാണ്. ഈ സർവ്വാശ്ലേഷിത്വമാണ് നരേറ്റീവുകളെ അതിജീവിച്ച് ഹിന്ദുവിനെ സനാതനമാക്കുന്നത്.
ആകാശത്തിൽ നിന്നുമല്ല പ്രകൃതി ബോധത്തിൽ നിന്നും ഈശ്വരീയത കണ്ടെത്തിയവരെയാണ് ഹിന്ദുവെന്നു വിളിച്ചത്. അവരാണ് മാതൃദേവതാ സങ്കല്പത്തെ പരാശക്തിയായി ആയിരം പേരിട്ടു വിളിച്ചത്. പേരിന്റെ സ്ഥിരതയെ തകർക്കുന്ന സർവ്വവ്യാപിത്വത്തിന്റെ സൂചനയാണ് സഹസ്രനാമങ്ങൾ. ആയിരം പേരുള്ളവളുടെ പേരേതാണ് ?അവളെ പൂജിക്കേണ്ട വിധം എങ്ങനെയാണ് ? ഈ വൈവിധ്യത്തിന്റെ അത്ഭുതകരമായ രസപ്പൊരുത്തത്തെയാണ് സനാതന ധർമ്മം എന്നു വിളിച്ചത്.
ബ്രഹ്‌മണ്യം അവൾക്കു മുന്നിൽ കൈകൾ കൂപ്പി ‘യാ ദേവീ സർവ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിത നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമ:’ എന്നു പ്രാർത്ഥിച്ചപ്പോൾ തിറയുറഞ്ഞുണർന്ന ആദിമ ബോധമാകട്ടെ കാവിനു മുന്നിൽ നിന്ന്’ തെയ്യം തത്തെയ്യം തത്ത ..’ അമ്മയാകുന്ന ദൈവം ജയിക്കട്ടെയെന്ന് ആദിമ താളങ്ങളിൽ തെറി കൊണ്ടും അശ്ലീലാംഗ്യങ്ങൾ കൊണ്ടു പോലും ആടിയാർത്തു. ശിവഗിരിയിലെ ശാരദയും അതേ അമ്മ തന്നെയാണ്.ഭാഷയുടെയും താളത്തിന്റെയും ഭേദങ്ങൾക്കുപരി അമ്മ ദൈവത്തിന്റെ പൊരുത്തമാണവരെ ഹിന്ദുവാക്കിയത്.
ആയുധം ധരിപ്പിച്ചു ദുർഗയാക്കി,വീണയും പുസ്തകവുമെടുപ്പിച്ച് സരസ്വതിയാക്കി, അഭയവും വരദവും അരുളുന്ന ലക്ഷ്മിയാക്കി ഇച്ഛയ്‌ക്കൊത്ത ദൈവങ്ങളെ സൃഷ്ടിച്ച് ഇച്ഛയ്‌ക്കൊത്ത് ആരാധിച്ചവരെയാണ് ലോകം ഹിന്ദുവെന്ന് വിളിച്ച് മുപ്പത്തിമുക്കോടി വൈജാത്യങ്ങൾക്ക് ഉടമയാക്കിയത്. ആകാശാത് പതിതം തോയം യഥാ ഗച്ഛതി സാഗരം സർവദേവ നമസ്‌കാരം കേശവം പ്രതി ഗച്ഛതി” ….. ഉണക്കമീനും കള്ളും പാനകവും പാല്പായസവുമെല്ലാം മനുഷ്യരെ ഒരേയിടത്തിലെത്തിക്കും എന്ന വിശ്വാസമാണ് സനാതനം! അവർ കാവുതീണ്ടും ഗുളികനും തീച്ചാമുണ്ഡിക്കുമൊപ്പം. മുടിയെടുത്തുറയും നെറ്റി പിളർത്തി രുധിരധാരയർപ്പിക്കും. പഞ്ചുരുളിയുടെ ധർമ്മ ജയങ്ങളിൽ ആനന്ദിക്കും. കല്ലുരുട്ടി മലകീഴടക്കും കൈവിട്ട് പൊട്ടിച്ചിരിക്കും.കല്ലും കണ്ണാടിയും പ്രതിഷ്ഠിക്കും. മൃതശരീരമെരിക്കും .സമാധിയിരുത്തും. ചക്കിലാട്ടി വളമാക്കാൻ ഉപദേശിക്കും. ഉടുപ്പിട്ടും ഉടുപ്പിടാതെയും ദൈവത്തെ വണങ്ങും.
സനാതനം നിലനില്ക്കുവോളമേ ശ്രീനാരായണ ഗുരുവിനും ഗുരുവെന്ന ഈശ്വരാനുഭൂതിക്കും നിലനില്പുള്ളൂ. ഇവിടെ മാത്രമേ ബ്രഹ്‌മത്തെ അറിയുന്നവൻ ഈശ്വരനായി മാറുന്ന രാസായന പരിണാമമുള്ളൂ. ഏകദൈവത്തിന്റെ സെമിറ്റിക് ലോകക്രമത്തിൽ ഉടയാനുള്ള ഒരു വിഗ്രഹം മാത്രമാണ് ശ്രീനാരായണ ഗുരുവും. സനാതനത്തിൽ നിന്നടർത്തിമാറ്റിയാൽ സനാതനത്തിനു മാത്രമല്ല ഗുരുവിനും നിലനില്പില്ല. ഗുരുവിനെ ദൈവമല്ലാതെ സമൂഹ പരിഷ്‌കർത്താവാക്കി മാറ്റുന്ന, സനാതനത്തിൽ നിന്ന് അടർത്തിമാറ്റുന്ന രാഷ്ട്രീയം ഭാവിയെ വിഴുങ്ങാനാഗ്രഹിക്കുന്ന ഏകദൈവ മതാധിപത്യത്തിന്റെ ചൂട്ടു വെളിച്ചമാണ്.
ഇന്നു കാണുന്ന ഒരു മതത്തിന്റെയും ഭാഗമല്ല ഞാൻ എന്ന് ഗുരു അന്നു പറയുമ്പോൾ മതമല്ലാതായിത്തീർന്ന മതത്തിനെതിരെയും മനുഷ്യരല്ലാതായിത്തീർന്ന മനുഷ്യർക്കെതിരെയും ആ മഹാനുഭാവൻ നടത്തിയ ശത്രുതാ ബോധമില്ലാതെ കരുണയുടെ പരിവർത്തന ശബ്ദമാണ് മുഴങ്ങിയത്. അതേ നാവു കൊണ്ടു തന്നെ പിന്നീട് സനാതന ധർമ്മമാണ് നമ്മുടെ മതം എന്ന് ഉറപ്പിച്ചു പറഞ്ഞു ഗുരു. അങ്ങനെയാണ് ആ മനുഷ്യൻ ധർമ്മസംസ്ഥാപനത്തിനായി ജനിച്ച അവതാരമാകുന്നത്, ദൈവമാകുന്നത്!
അനവസരത്തിലുള്ള ഇമ്മാതിരി ചില കഴകക്കേടുകളോടാണ് തിരുവള്ളുവർ പണ്ടേയ്ക്കു തന്നെ ‘പേശാതിരുന്തും പഴകു’…മിണ്ടാതിരിക്കൂ ! എന്ന് ശാസിച്ചത്. എന്താണ് സനാതനം ? എന്നൊരു ചോദ്യമേ അപ്രസക്തമാണ്;എന്തല്ല സനാതനം ?എന്നത് മാത്രമാണ് പ്രസക്തം ! ചരിത്രത്തിന്റെ ചവറ്റുകുട്ടകളുടെ അവകാശമാണ് സനാതന രഹിതമായ സർവ്വതും.ചരിത്രം ചവറ്റുകുട്ടകൾ വെച്ചു കാത്തിരിക്കുന്നത് ഇത്തരം ചെള്ളുകളെ കോരിയിടാൻ കൂടിയാണ്. അത് ആളായാലും അനാചാരങ്ങളായാലും !
NB:പറയനായ തിരുമൂലരുടെ പറയപ്പട സനാതനത്തിന്റെ പാട്ടുപാടി വരികയാണ്. ‘ഒൺറേ കുലം ഒരുവനേ ദേവനും .. അൻപേ ശിവം’. ഒരു ജാതി ഒരു മതം ഒരു ദൈവം….സനാതനി പാടിയ സാഹോദര്യത്തിന്റെ ഐക്യത്തിന്റെ ആ പാട്ടിലും വലിയ സ്‌നേഹഗാഥയൊന്നും ലോകം പിന്നിതുവരെ കേട്ടതില്ല. അതു മതി ലോകത്തിനു സ്വസ്ഥമായി ജീവിക്കാൻ !
‘പാതാളപ്പടവുകൾ കയറി
പറയപ്പട തുള്ളി വരുന്നു
പറയറയും താളം തുള്ളീ
പറയപ്പട പാടി വരുന്നു !
Discussion about this post